പയ്യോളി : കോവിഡ് പരിശോധന വിവരം അറിയിച്ചതിൽ ആരോഗ്യവിഭാഗത്തിന് പറ്റിയ വീഴ്ച പയ്യോളിയെ ആശങ്കയിലാക്കി. നെഗറ്റീവാണെന്ന് അറിയിച്ചതിനെത്തുടർന്ന് ക്വാറന്റീനിൽ കഴിഞ്ഞ ആൾ പുറത്തിറങ്ങിയതാണ് ആശങ്കയ്ക്ക് കാരണം.

20-ാം ഡിവിഷനിൽ മാണിക്കോത്ത് താമസിക്കുന്ന ഫോട്ടോഗ്രാഫർ 17 ദിവസമായി ക്വാറൻറീനിലായിരുന്നു. മുമ്പ് വടകര കുട്ടോത്ത് ബന്ധുവീട്ടിൽ ഇദ്ദേഹം പോയിരുന്നു. ആ വീട്ടുകാരന് പിന്നീട് രോഗംവന്നപ്പോഴാണ് ഇദ്ദേഹം ക്വാറന്റീനിലായത്. 15-ാമത്തെ ദിവസം ജൂലായ് 22-ന് മേലടി സി.എച്ച്.സി.യിൽനടന്ന പരിശോധനയിൽ പങ്കെടുക്കുകയും തുടർന്ന് ക്വാറന്റീനിൽത്തന്നെ കഴിയുകയുംചെയ്തു. 24-ന് ഉച്ചയ്ക്ക് ആരോഗ്യവിഭാഗം നെഗറ്റീവാണെന്ന് അറിയിച്ചു. തുടർന്ന് 25-ന് പുറത്തിറങ്ങി. നഗരസഭയുടെ കമ്യൂണിറ്റി കിച്ചനിൽ പോകുകയും 120 ഭക്ഷണപ്പൊതികൾ തയ്യാറാക്കുകയും ചെയ്തു. പലരുമായും സമ്പർക്കവുമായി. അന്നുരാത്രി ഇരിങ്ങൽ ആരോഗ്യവിഭാഗത്തിൽനിന്ന്‌ ഇദ്ദേഹത്തോട് ക്വാറന്റീനിൽത്തന്നെ പോകാൻ ആവശ്യപ്പെട്ടു. പരിശോധനാഫലം ലിസ്റ്റിൽ ഇല്ലെന്നായിരുന്നു പറഞ്ഞത്.

തുടർന്ന് 28-ന് വൈകീട്ട് കോഴിക്കോടുനിന്ന് നോഡൽ ഓഫീസറാണ് ഇയാളെ വിളിക്കുകയും പോസറ്റീവാന്നെന്ന വിവരം അറിയിക്കുകയും ചെയ്തത്. ഇതേത്തുടർന്ന് നഗരസഭയുടെ കമ്യൂണിറ്റി കിച്ചൻ ബുധനാഴ്ച അടച്ചു. ഇവിടെ അഗ്നിരക്ഷാസേന അണുനശീകരണം നടത്തി. 21 പേരുടെ പ്രാഥമിക സമ്പർക്കപ്പട്ടിക ഉണ്ടാക്കി. ഇതിൽ നാലുപേർ നഗരസഭ ശുചീകരണത്തൊഴിലാളികളാണ്. 25-ന് ഭക്ഷണം കഴിച്ചവരും സമ്പർക്കത്തിലേർപ്പെട്ടവരും ബന്ധപ്പെടണമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.

കഴിഞ്ഞദിവസം തിക്കോടിയിലും ഇതേ സാഹചര്യമുണ്ടായിരുന്നു. നെഗറ്റീവാണെന്ന് അറിയിപ്പുവന്ന് പുറത്തിറങ്ങിയവരിൽ രണ്ടുപേർ പിന്നീട് പോസിറ്റീവായി. പരിശോധനയ്ക്കുപോയവരുടെ എണ്ണവും ഫലംവന്ന ലിസ്റ്റും ഒത്തുനോക്കാത്തതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നതെന്ന് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പറയുന്നു.