പയ്യോളി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി വിദേശത്തുനിന്ന് തിരിച്ചെത്തിയപ്പോൾ പോലീസ് പിടിയിലായി. പയ്യോളി രണ്ടാംഗേറ്റിന് സമീപം പുതിയപുരയിൽ ശാദിഖ് (23) ആണ് അറസ്റ്റിലായത്.

പ്രണയംനടിച്ച് പെൺകുട്ടിയെ വലയിലാക്കിയ പ്രതി വീട്ടിൽ അതിക്രമിച്ചുകടന്ന്‌ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. 2019 സെപ്റ്റംബറിലായിരുന്നു സംഭവം. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നവംബറിൽ പോലീസ് കേസെടുത്തു. അപ്പോഴേക്കും പ്രതി വിദേശത്തേക്ക് കടന്നു.

ലോക്ഡൗണിനുശേഷം നാട്ടിലെത്തി ക്വാറൻറീനിൽ കഴിയുകയായിരുന്നു.

ഇതിനിടെ ക്വാറൻറീൻ കാലയളവിൽ പുറത്തുനിന്നുള്ളവർ ഇയാളുടെ വീട്ടിൽ വരുന്നുണ്ടെന്ന പരാതിയുയർന്നു. തുടർന്ന്‌ ക്വാറൻറീൻ ലംഘനത്തിന്‌ പോലീസ് കേസെടുക്കുകയും സർക്കാർ ക്വാറൻറീനിലേക്ക് മാറ്റുകയുംചെയ്തു. അതിനുശേഷം പീഡനക്കേസിൽ ജാമ്യാപേക്ഷ നൽകി അയനിക്കാടുള്ള മറ്റൊരു കാമുകിയുടെ വീട്ടിൽ ഒളിവിൽ കഴിയവേയാണ് ചൊവ്വാഴ്ച പോലീസ് അറസ്റ്റുചെയ്തത്.

പ്രതിയെ കോവിഡ് പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കുമെന്ന് സി.ഐ. എം.പി ആസാദ് അറിയിച്ചു. എസ്.ഐ. പി.പി. അനിൽ, സി.പി.ഒ.മാരായ വി.സി. ബിനീഷ്, എം.കെ. ഷിജു, ജിജോ എന്നിവരാണ് പ്രതിയെ പിടികൂടിയത്.