പയ്യോളി : കോൺഗ്രസ് പയ്യോളി ബ്ലോക്ക് ജനറൽ സെക്രട്ടറി കോട്ടക്കൽ ടി. ഉമാനാഥന്റെ സ്കൂട്ടർ സാമൂഹികവിരുദ്ധർ കത്തിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് അഗ്നിക്കിരയായത്. വീട്ടുകാർ തീയാളുന്നത് കാണുമ്പോഴേക്കും സ്കൂട്ടർ ഏതാണ്ട് കത്തിയിരുന്നു. വടകരനിന്ന് അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും സ്കൂട്ടർ പൂർണമായും കത്തിനശിച്ചു.

കൺടെയ്‍ൻമെന്റ് സോണാണ് വീട് നിൽക്കുന്ന പ്രദേശം. മെയിൻ സ്വിച്ച് ഓഫ് ചെയ്ത ശേഷമാണ് തീവെച്ചത് വീടിന്റെ മുൻവശം മുഴുവൻ കരിയിലാണ്ടു. വയറിങ്ങിനും തകരാർ പറ്റി.

ഉമാനാഥന്റെ അയൽവാസി ബി.ജെ.പി. പ്രവർത്തകനായ ഓട്ടോ ഡ്രൈവർ മൊയ്ച്ചേരി രാജേഷിന്റെ വീട്ടിൽ റീത്തും വെച്ചിട്ടുണ്ട്. ഇരുവരും ലഹരിസംഘത്തെപ്പറ്റി ഈയിടെ പോലീസിന് വിവരം നൽകിയിരുന്നു. ഇവരാകാം ഇതിനുപിന്നിലെന്ന് സംശയിക്കുന്നു. പയ്യോളി പോലീസ് അന്വേഷണം നടത്തിവരുന്നു.

സംഭവസ്ഥലം കെ. മുരളീധരൻ എം.പി. സന്ദർശിച്ചു. സംഭവത്തിൽ ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ, തീരദേശ റോഡ് കർമസമിതി, സർവകക്ഷി യോഗം എന്നിവ പ്രതിഷേധിച്ചു. പ്രതികളെ ഉടൻ പിടികൂടണമെന്നും ആവശ്യപ്പെട്ടു.