പയ്യോളി : വീട്ടുവരാന്തയിൽ കളിച്ചു കൊണ്ടിരിക്കെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ ആമിന ഹജ്‌വയുടെ മൃതദേഹം മെഡിക്കൽ കോളേജിൽനിന്ന് വിട്ടുകിട്ടിയില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് മരിച്ച ആമിനമോളെ അവസാനമായി ഒരുനോക്ക് കാണാൻ ബന്ധുക്കളുടെയും നാട്ടുകാരുടെയും കാത്തിരിപ്പ് തുടരുകയാണ്.

വെള്ളിയാഴ്ച രാവിലെ കൊയിലാണ്ടി ഗവ. ആശുപത്രിയിൽനിന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരുന്നു. മരണത്തിലെ സംശയങ്ങൾ അകറ്റാൻ പോലീസ് സർജന്റെ മേൽനോട്ടത്തിലുള്ള പോസ്റ്റ്മോർട്ടമാണ് നടത്തുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം നടത്തുന്ന മൃതദേഹങ്ങൾ അതിന് മുമ്പായി കോവിഡ് ടെസ്റ്റ് നടത്തണമെന്ന നിർദേശമുണ്ട്. ഇതിനാൽ കുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം നടത്താൻ കഴിഞ്ഞില്ല.

ശനിയാഴ്ച ആമിനയുടെ പോസ്റ്റ്മോർട്ടം നടക്കുമെന്ന് പയ്യോളി എസ്.ഐ. സുജിത്ത് പറഞ്ഞു. അയനിക്കാട് കമ്പിവളപ്പിൽ പി.പി. ഷംസീറിന്റെയും അഷ്റയുടെയും മകളാണ് ആമിന. വരാന്തയിൽ കളിച്ച് കൊണ്ടിരിക്കെ കാണാതായ ആമിനയെ പീന്നീട് മൂന്ന് മണിക്കൂർ കഴിഞ്ഞ് കൊളാവി തോട്ടിൽ നിന്നാണ് കണ്ടെത്തിയത്. ഉച്ചയ്ക്ക് 12 മണിക്കാണ് കാണാതാവുന്നത്. കുട്ടിയെ കണ്ടെത്താൻ പിന്നീട് പോലീസും നാട്ടുകാരും കൈകോർത്ത് അന്വേഷണം നടത്തുകയായിരുന്നു.