പന്തീരാങ്കാവ്: ഹരിത കേരള മിഷന്റെ ഭാഗമായി കോഴിക്കോട് ബ്ലോക്കിൽ ഹരിതഭവനം പദ്ധതിക്ക് തുടക്കമായി. ഒളവണ്ണ പഞ്ചായത്തിലെ കൂടത്തുംപാറയിൽ ചുള്ളിയോട്ട് വേണുഗോപാലിന്റെ വീടാണ് പദ്ധതിയിലെ ആദ്യ ഹരിത ഭവനം.

ഹരിതഭവനത്തിൽ സംഘടിപ്പിച്ച ചടങ്ങ്‌ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിൽ ഒളവണ്ണ, കടലുണ്ടി പഞ്ചായത്തുകളിലായി 50 വീടുകളാണ് പദ്ധതിയുടെ ഭാഗമാക്കുന്നത്.

ഒളവണ്ണ പഞ്ചായത്തിൽ നാഷണൽ ഹൈവേക്കും മലബാർ ബൊട്ടാണിക്കൽ ഗാർഡനുമിടയിലെ പ്രദേശത്തെ ഇതുവഴി ഹരിതാഭമാക്കുകയാണ് ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ് കുമാർ അധ്യക്ഷത വഹിച്ചു.

കിണർ റീചാർജിങ്‌, ബയോഗ്യാസ് പ്ലാന്റ്, കോഴി വളർത്തൽ, പച്ചക്കറി കൃഷി, അഞ്ച് ഫലവൃക്ഷങ്ങൾ, ബയോബിൻ എന്നിവ ഒരു വീട്ടിൽ ഒരുക്കുന്നതാണ് പദ്ധതി. ഒളവണ്ണ പഞ്ചായത്തിൽ തിരഞ്ഞെടുത്ത 25 വീടുകളിൽ 19 എണ്ണത്തിൽ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

ജില്ലാ കൃഷി ഓഫീസർ ഷീല, ബ്ലോക്ക് മെമ്പർമാരായ പി.ജി. വിനീഷ്, പി.കെ. ഉഷ, പി. രമണി വിശ്വനാഥൻ, ഒളവണ്ണ കൃഷി ഓഫീസർ അജയ് അലക്സ്, എം.എം. പവിത്രൻ, മoത്തിൽ അബ്ദുൾ അസീസ്, എൻ.എം. ഷിബു എന്നിവർ സംസാരിച്ചു.