പന്തീരാങ്കാവ്: മൂന്നു ദിവസങ്ങളായി ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ വെള്ളപ്പൊക്കത്തിന് ആശ്വാസമായി വെള്ളം ഇറങ്ങിത്തുടങ്ങി. വെള്ളത്തിൽ മുങ്ങിയിരുന്ന പന്തീരാങ്കാവ് അങ്ങാടിയിൽനിന്ന്‌ വെള്ളം പൂർണമായി ഒഴിഞ്ഞു.

അറപ്പുഴ, കൊടൽ നടക്കാവ് നാറാണത്ത് താഴം, മൂർക്കനാട്, കൂഞ്ഞാമൂല, തൊണ്ടിലക്കടവ്, മാവത്തുംപടി, കമ്പിളിപ്പറമ്പ് ഭാഗങ്ങളിൽ വെള്ളം പൂർണമായി ഇറങ്ങിയിട്ടില്ല. തിങ്കളാഴ്ചയോടെ വെള്ളം പൂർണമായും ഇറങ്ങുമെന്നാണ് കരുതുന്നത്‌.

ഞായറാഴ്ചയും സിറ്റി - പന്തീരാങ്കാവ് - പെരുമണ്ണ, മണക്കടവ്, അറപ്പുഴ, രാമനാട്ടുകര - മെഡിക്കൽ കോളേജ്, പാലാഴി റൂട്ടുകളിൽ ബസ്സോടിയില്ല. മൂന്നു ദിവസമായി നിലച്ച വൈദ്യുതിവിതരണം ഞായറാഴ്ച വൈകീട്ടോടെ ഭാഗികമായി പുനഃസ്ഥാപിക്കാനായിട്ടുണ്ട്.

കൊടൽ നടക്കാവ്, മണക്കടവ്, അറപ്പുഴ, മൂർക്കനാട് , ഒടുമ്പ്ര ഭാഗങ്ങളിൽ തിങ്കളാഴ്ച ഉച്ചയോടെ പുനഃസ്ഥാപിക്കാനാവുമെന്ന് കെ.എസ്.ഇ.ബി. പന്തീരാങ്കാവ് സെക്‌ഷൻ അസിസ്റ്റൻറ് എൻജിനിയർ പറഞ്ഞു.

വെള്ളം കയറിയതിനെ തുടർന്ന് ചെളിയും മാലിന്യവും നിറഞ്ഞ കടകളും വീടുകളും ശുചീകരിക്കുവാൻ ഏറെ പ്രയാസപ്പെടുകയാണ്. വെള്ളം ഒഴിഞ്ഞ വീടുകൾ വൃത്തിയാക്കാതെ ക്യാമ്പിൽനിന്ന്‌ പോകാനാവാത്ത അവസ്ഥയിലാണ് ക്യാമ്പുകളിൽ താമസിക്കുന്ന കുടുംബങ്ങൾ.

പന്തീരാങ്കാവ് അങ്ങാടി പൂർണമായും വെള്ളത്തിനടിയിലായതോടെ കടകളിൽ വൻ നഷ്ടമാണുണ്ടായിട്ടുള്ളത്. കടകളിൽനിന്നും വീടുകളിൽനിന്നും ചെളി കഴുകി ഒഴിവാക്കി തിങ്കളാഴ്ചയെങ്കിലും കട തുറക്കാനുള്ള പ്രയത്നത്തിലാണ് വ്യാപാരികൾ.