ചേളന്നൂർ: പരിമിതികളുടെ നടുവിൽ പാലത്ത് ഗവ. വെൽഫെയർ എൽ.പി. സ്കൂൾവിദ്യാർഥികൾ. പുതിയ കെട്ടിടം നിർമിക്കുന്നതിനാൽ രണ്ട് വർഷമായി ഏഴേ ആറ് - ഊട്ടുകുളം റോഡരികിലെ മുതുവാടുള്ള പഴയ മദ്രസക്കെട്ടിടത്തിലാണ് സ്കൂൾ താത്‌കാലികമായി പ്രവർത്തിക്കുന്നത്.

അപകടഭീഷണിയിലുള്ള ഓടിട്ട മേൽക്കൂര, വായു സഞ്ചാരം കുറഞ്ഞ ഇടുങ്ങിയ ക്ലാസ് മുറികൾ, പഴയ ഫർണിച്ചറുകൾ, തേച്ചുമിനുക്കാത്ത നിലം, ചോർന്നൊലിക്കുന്ന പാചകപ്പുര എന്നിങ്ങനെയുള്ള പരാധീനതകളിൽ ബുദ്ധിമുട്ടുകയാണ് വിദ്യാർഥികൾ.

ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലായി മുപ്പത് കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. പ്രധാനാധ്യാപികയുൾപ്പെടെ പി.എസ്.സി. നിയമിച്ച നാല് അധ്യാപികമാരുമുണ്ട്. ഓഫീസ് മുറിയിൽ വെച്ചുപോലും കുട്ടികളെ പഠിപ്പിക്കേണ്ട ഗതികേടിലാണിവർ. സ്ഥലപരിമിതിയും അസൗകര്യങ്ങളും കാരണം പുതിയ പഠനരീതികളൊന്നും നല്ലരീതിയിൽ കുട്ടികളിലേക്ക് എത്തിക്കാൻ അധ്യാപകർക്കും സാധിക്കുന്നില്ല. ‌

കുട്ടികളുടെ എണ്ണത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വർധനയുണ്ടായിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യം സ്കൂളിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.

വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നതുകൊണ്ട് സർക്കാരിൽനിന്നുള്ള പുതിയ ഫർണിച്ചറുകളും അനുവദിച്ചില്ലെന്ന പരാതിയുമുണ്ട്.

1922 - ൽ സ്ഥാപിച്ച സ്കൂളിന്റെ പഴയ കെട്ടിടം തകർച്ച ഭീഷണിയിലായതോടെയാണ് പൊളിച്ചുമാറ്റി പുതിയ കോൺക്രീറ്റ് കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത്. സ്വകാര്യവ്യക്തിയുടെ കൈയിലായിരുന്ന സ്ഥലവും കെട്ടിടവും കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ഏറ്റെടുത്തതാണ്. എം.പി. ഫണ്ടിൽനിന്നും 15 ലക്ഷവും ഗ്രാമപ്പഞ്ചായത്ത് വകയിരുത്തിയ 10 ലക്ഷവും ചേർത്ത് 25 ലക്ഷം ഉപയോഗിച്ചുള്ള നിർമാണം പുരോഗമിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. വത്സല പറഞ്ഞു. കനാലിൽ നിന്നുള്ള ഉറവകാരണം കുഴിയെടുത്തുള്ള പൈലിങ് ജോലികൾ തീർക്കാൻ വളരെയധികം സമയമെടുത്തു. കാലവർഷവും ശക്തമായതോടെ നിർമാണം നിലച്ച നിലയിലായിരുന്നു.

നിലവിൽ അനുവദിച്ചുകിട്ടിയ തുക ഉപയോഗിച്ച്

താഴത്തെ ഭാഗത്തെ നിർമാണം മാത്രമേ പൂർത്തിയാകൂ എന്ന ആശങ്കയുണ്ട്.

രണ്ട് നിലകളിലായി ക്ലാസ് മുറികളും മൂന്നാം നിലയിൽ ഓഡിറ്റോറിയവും ഉൾപ്പെടെയുള്ള സൗകര്യം ഏർപ്പെടുത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഫണ്ടിന്റെ അപര്യാപ്തത കാരണം ഇതെല്ലാം നടക്കുമോയെന്ന ആശങ്കയിലാണ് സ്കൂൾ പി.ടി.എ.യും അധ്യാപകരും.