കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്തിലെ വിസ്തൃതമായ കൊണ്ടംവള്ളി പാടശേഖരത്തിൽ നെൽക്കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതി ഉടൻ ആരംഭിക്കും. കൊണ്ടംവള്ളി പാടശേഖരത്തിലെ ജലക്രമീകരണത്തിന് 45 ലക്ഷം രൂപ ചെലവിൽ തോടിന്റെയും മൂന്ന് വി.സി.ബി.കളുടെയും നിർമാണം ഉടൻ ആരംഭിക്കുമെന്ന് കെ. ദാസൻ എം.എൽ.എ. അറിയിച്ചു.

കുറുവങ്ങാട്, മേലൂർ, എളാട്ടേരി, ഞാണംപൊയിൽ, ചേലിയ എന്നീ വിവിധ പ്രദേശങ്ങൾ അതിരിടുന്ന 80 ഹെക്ടർവരുന്ന കൊണ്ടംവള്ളി പാടശേഖരത്തിൽ വെള്ളക്കെട്ടുമൂലം വലിയൊരുഭാഗത്ത് കൃഷിചെയ്യാൻ പറ്റാത്ത അവസ്ഥയാണ് നിലനിന്നിരുന്നത്. പദ്ധതി നിലവിൽ വരുന്നതോടെ കൃഷി സാധ്യമാകുമെന്ന് എം.എൽ.എ. പറഞ്ഞു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗീത കാരോൽ, ഇറിഗേഷൻ ഉദ്യോഗസ്ഥർ, കൊണ്ടംവള്ളി പാടശേഖരസമിതി ഭാരവാഹികൾ എന്നിവരോടൊപ്പം എം.എൽ.എ. പാടശേഖരം സന്ദർശിച്ചു. ഇപ്പോൾ അനുമതിയായ പ്രവൃത്തികൾ ആരംഭിച്ചാലുടൻ നെൽക്കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് ആലോചിക്കാൻ പാടശേഖരസമിതി, കർഷകർ, തൊഴിലാളികൾ, ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികൾ എന്നിവരെ പങ്കെടുപ്പിച്ച് വിപുലമായ യോഗം വിളിച്ചുചേർക്കുമെന്ന് എം.എൽ.എ. അറിയിച്ചു.

പാടശേഖരത്തിനുകുറുകെ ഫാം റോഡ് നിർമാണം പാതിവഴിയിലാണ്. ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്തും പന്തലായനി ബ്ലോക്ക് പഞ്ചായത്തും 10 ലക്ഷം രൂപ വീതം ഫണ്ട് വകയിരുത്തിയാണ് ഫാം റോഡ് നിർമിക്കുന്നത്. ഫാം റോഡിന്റെ പകുതിനിർമാണം പൂർത്തിയായി. ഈ റോഡിനുകുറുകെയാണ് പാടശേഖരത്തിലെ ജലക്രമീകരണത്തിന് ഉതകുംവിധം മൂന്ന് വി.സി.ബി.കൾ നിർമിക്കുന്നത്. ജലസേചനവകുപ്പിന്റെ മേൽനോട്ടത്തിലാണ് വി.സി.ബി.കൾ നിർമിക്കുക.

എളാട്ടേരി പുത്തൻപുര ഭാഗത്തുനിന്നാരംഭിച്ച ഫാം റോഡ് കൊണ്ടംവള്ളി കുളത്തിനുസമീപമാണ് എത്തുക. ഈ റോഡ് യാഥാർഥ്യമാകുന്നതോടെ മേലൂർ-എളാട്ടേരി പ്രദേശങ്ങൾ തമ്മിൽ എളുപ്പം ബന്ധപ്പെടാൻകഴിയും. കൊണ്ടംവള്ളി ക്ഷേത്രവുമായി ബന്ധപ്പെട്ട പരമ്പരാഗതമായ വഴിയും ഇതോടെ പുനരുദ്ധരിക്കപ്പെടും. ജലക്രമീകരണം ഇല്ലാത്തതാണ് കൊണ്ടംവള്ളി പാടശേഖരത്തിൽ നെൽക്കൃഷിക്ക്‌ തിരിച്ചടിയാവുന്നത്. ജലക്രമീകരണത്തിനായി കൊണ്ടംവള്ളി വെന്തോടുമുതൽ പുലച്ചേരിവരെ മൂന്നരക്കിലോമീറ്റർ ദൈർഘ്യത്തിൽ തോടുനിർമിച്ചിട്ടുണ്ട്. ഈ തോട് നവീകരിക്കാനും പദ്ധതിയുണ്ട്.

മുമ്പൊക്കെ മൂന്നുതവണ ഈ പാടശേഖരത്തിൽ നെൽക്കൃഷി ചെയ്തിരുന്നു. എന്നാൽ, കനാൽവെള്ളം വരുന്നതിലെ കൃത്യതയില്ലായ്മയും മറ്റും കാരണം ഇപ്പോൾ മകരക്കൃഷിമാത്രമേ ചെയ്യുന്നുള്ളൂ. അതും പാടശേഖരത്തിന്റെ കാൽഭാഗത്തുമാത്രം. ബാക്കിഭാഗങ്ങൾ പുല്ലുനിറഞ്ഞ്‌ കൃഷിയിറക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വേനൽക്കാലത്ത് പ്രദേശവാസികൾ വ്യാപകമായി പച്ചക്കറിക്കൃഷി ചെയ്തിരുന്നു. വീട്ടമ്മമാർ സംഘമായിട്ടും ഒറ്റയ്ക്കും പച്ചക്കറിക്കൃഷി ചെയ്തു നല്ലവിളവെടുപ്പ് നടത്തിയിരുന്നു. എന്നാൽ, കനാൽവെള്ളം കൃത്യമായി വരാത്തതുകാരണം പച്ചക്കറിക്കൃഷിയും കുറഞ്ഞു.