കൊയിലാണ്ടി : ഞാറുപറിക്കാനും നടാനും തൊഴിലാളികളെ കിട്ടാത്ത അവസ്ഥയാണ് നാട്ടിൻപുറങ്ങളിൽ. പാടത്ത് പണിയെടുക്കുന്ന കർഷകത്തൊഴിലാളികളും സ്ത്രീകളും കുറഞ്ഞുവരികയാണ്. തൊഴിലാളി ക്ഷാമം പരിഹരിക്കുവാൻ ഇതരസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

നടേരി, അരിക്കുളം മേഖലകളിലെല്ലാം ഇതരസംസ്ഥാന തൊഴിലാളികളാണ് കാർഷികമേഖലയിലേക്ക് ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം നടേരി കുതിരക്കുടവയലിൽ ഞാറ്്‌ നട്ടത് ബിഹാറിൽ നിന്നെത്തിയവരാണ്. നെൽവയലുകളിൽ കൃഷിപ്പണിക്ക്‌ യന്ത്രങ്ങളും ഉപയോഗിക്കുന്നണ്ട്. ഞാറ്്‌ നടാനുള്ള ട്രാൻസ്‍പ്ലാന്റർയന്ത്രം ഊരള്ളൂർ ആഗ്രോ സർവീസ് സെന്റർ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നുണ്ട്. ഒരുദിവസം 600 രൂപയാണ് യന്ത്രത്തിന്റെ വാടക. ഒരു ഏക്കർ സ്ഥലത്തേക്ക് ഞാറ്്‌ നടാനുള്ള ഞാറ്റടി തയ്യാറാക്കുന്നതിനും യന്ത്രമുപയോഗിച്ച് ഞാറ്്‌ നടാനും 5500 രൂപയാണ് വാങ്ങുന്നത്. യന്ത്രം കൃഷിയിടത്തിലെത്തിക്കാനുള്ള വാഹനവാടക കർഷകർ നൽകണം. കയറിയിരുന്നും അല്ലാതെയും ഞാറ്്‌ നടാൻ കഴിയുന്ന യന്ത്രങ്ങളുണ്ട്. ഷീറ്റ് വിരിച്ചു ഞാറ്റടിയുണ്ടാക്കി നെൽവിത്ത് മുളപ്പിച്ചശേഷം ഷീറ്റ് മുറിച്ചെടുത്താണ് യന്ത്രത്തിൽ വെക്കേണ്ടത്. ഒരുദിവസം ഒന്നരേയേക്കറിലേറെ സ്ഥലത്ത് ഞാറ്്‌ നടാൻ യന്ത്രസഹായത്തോടെ കഴിയും.