കോഴിക്കോട് : കക്കോടിമുക്കിലെ പെട്രോൾപമ്പിന് സമീപമുള്ള ഓയിൽഗോഡൗണിൽ തീപ്പിടിത്തം. ചൊവ്വാഴ്ച രാത്രി 11.15-ഓടെയാണ് തീപിടിച്ചത്. ഗൾഫ് ലൂബ്രിക്കന്റ് ഓയിൽ വിതരണം ചെയ്യുന്ന എ.ബി.ആർ. മാർക്കറ്റിങ് ഗ്രൂപ്പ് കമ്പനിയിലാണ് തീപടർന്നത്.

തൊട്ടടുത്ത് പെട്രോൾപമ്പുണ്ടായിരുന്നത് ആശങ്കയുയർത്തി. ഗോഡൗൺ അടച്ച് ജീവനക്കാരെല്ലാം പോയതിനു ശേഷമാണ് അപകടം.

പമ്പിലെ സുരക്ഷാജീവനക്കാരനായ അസം സ്വദേശി സുഡം ആണ്‌ അപകട വിവരം പുറത്തറിയിച്ചത്‌.

നരിക്കുനിയിൽനിന്ന് സ്റ്റേഷൻ ഓഫീസർ കെ.പി. ജയപ്രകാശ്, സീനിയർ ഫയർ ഓഫീസർ എൻ. ഗണേശൻ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയുടെ രണ്ടു യൂണിറ്റും വെള്ളിമാട്കുന്നിൽനിന്നെത്തിയ ഒരു യൂണിറ്റും ചേർന്ന് ഒരുമണിക്കൂർ എടുത്താണ് തീയണച്ചത്. ഏകദേശം ഒരുകോടി രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.