കായണ്ണ ബസാർ: നിപ രോഗം പിടിപെട്ട രോഗികൾക്ക് ആതുരചികിത്സ നൽകുന്നതിനിടെ മരണപ്പെട്ട നഴ്സ് ലിനി സജീഷിന്റെ കുടുംബത്തോടൊപ്പം നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷിച്ചു. ചെമ്പനോട ഐ.സി.യു.പി. സ്കൂളിൽ നടത്തുന്ന സപ്തദിന ക്യാമ്പിന്റെ ഭാഗമായാണ് ലിനിയുടെ വീട്ടിലെത്തിയത്. സ്വാഗതസംഘം വൈസ് ചെയർമാൻ ആവള ഹമീദ് അധ്യക്ഷത വഹിച്ചു. കവി കെ.ടി. സൂപ്പി ലിനിയുടെ ഭർത്താവ് സജീഷിന് ഉപഹാരം നൽകി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.

എ.കെ. തറുവയി ഹാജി മുഖ്യാതിഥിയായിരുന്നു. ലിനിയുടെ മാതാവിനെയും സജീഷിന്റെ പിതാവിനെയും ചടങ്ങിൽ പൊന്നാടയണിയിച്ച്‌ ആദരിച്ചു. ലിനിയുടെ മക്കളായ റിതുൽ, സിദ്ധാർഥ് എന്നിവർക്കുള്ള ക്രിസ്മസ് സമ്മാനം എൻ.എസ്.എസ്. വൊളന്റിയർ സെക്രട്ടറിമാരായ ആബേൽ ജോസ് ബേബിയും അലന്റ സിദ്ധീഖും ചേർന്ന് കൈമാറി.

ശീതൾ സന്തോഷ്‌ , ലിനി അനുസ്മരണപ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസർ പി.സി. മുഹമ്മദ്‌ സിറാജ്, കെ.പി. ഗുലാം മുഹമ്മദ്‌, ആലിക്കോയ മഠത്തിൽ, കെ.കെ. ഷോബിൻ, രഞ്ജിത്ത്, ബി.ആർ. വിസ്മയ, നജ ഖദീജ, സിൻസില അസ്ഹർ എന്നിവർ സംസാരിച്ചു.