കോഴിക്കോട്: നിപ വൈറസ് ബാധ കാലത്ത് മെഡിക്കൽകോളേജിൽ ജോലി ചെയ്തിരുന്ന താത്‌കാലിക ജീവനക്കാർ ബുധനാഴ്ച മുതൽ നിരാഹാരസമരത്തിലേക്ക് നീങ്ങുന്നു.

കഴിഞ്ഞ ഡിസംബർ 30-ന് പിരിച്ചുവിട്ട 42 പേർ കഴിഞ്ഞ 12 ദിവസമായി മെഡിക്കൽ കോളേജ് ആശുപത്രിക്കുമുന്നിൽ അനിശ്ചിതകാല സമരത്തിലാണ്. അനിശ്ചിതകാല സമരത്തിന് അനുകൂലമായ നടപടി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ലെങ്കിൽ നിരാഹാരസമരത്തിലേക്ക് നീങ്ങുമെന്ന് സമരസമിതി അറിയിച്ചിരുന്നു.

ശുചീകരണത്തൊഴിലാളി ബി.പി. രജീഷാണ് ആദ്യമായി നിരാഹാരസമരമിരിക്കുന്നത്. നിരാഹാരസമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ബാക്കിയുള്ള 41 പേരും ബുധനാഴ്ച ഉപവാസം അനുഷ്ഠിക്കുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു.

ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചതായി ആരോഗ്യമന്ത്രി പ്രസ്താവന പുറപ്പെടുവിച്ചെങ്കിലും ആശുപത്രി അധികൃതർ അതംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചുമാണ് ബുധനാഴ്ച മുതൽ നിരാഹാരസമരത്തിലേക്ക് പോകുന്നതെന്ന് സമരസമിതി കൺവീനർ അറിയിച്ചു.