കോഴിക്കോട് : കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് വ്യാപനം നേരിയതോതിൽ കുറഞ്ഞതിന്റെ പ്രതീക്ഷയിലായിരുന്നു കോഴിക്കോട്ടെ ആരോഗ്യപ്രവർത്തകർ. അതിനിടെ നിപകൂടി സ്ഥിരീകരിക്കപ്പെട്ടതോടെ രണ്ടിന്റെയും പ്രതിരോധപ്രവർത്തനങ്ങൾ ഒന്നിച്ചുകൊണ്ടുപോകേണ്ട വെല്ലുവിളിയാണ് ആരോഗ്യവിഭാഗത്തിനു മുന്നിലുള്ളത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പേ വാർഡുകൾ നിപയുടെ നിരീക്ഷണവാർഡുകളാക്കി കോവിഡ്ചികിത്സ പി.എം.എസ്.എസ്.വൈ. കെട്ടിടത്തിലേക്കു മാറ്റിയെങ്കിലും നഴ്‌സിങ് സ്റ്റാഫ് ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവ് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. 16 സംഘങ്ങളെയാണ് നിപ പ്രതിരോധപ്രവർത്തനത്തിനും സമ്പർക്കപ്പട്ടിക തയ്യാറാക്കാനും ഉൾപ്പെടെയുള്ള ജോലികൾക്കുമായി നിയോഗിച്ചത്. കോവിഡ് പ്രതിരോധത്തിൽനിന്നാണ് ഇവരെ മാറ്റിയത്. മാത്രമല്ല, നിപയെ കോവിഡിനെക്കാളും ഗൗരവത്തോടെ നേരിടേണ്ടതുകൊണ്ട് ആരോഗ്യവകുപ്പിന്റെ കൂടുതൽശ്രദ്ധ അതിൽ കേന്ദ്രീകരിക്കേണ്ടിവരുമെന്നതാണ് പ്രധാന പ്രശ്നം.

കോഴിക്കോട്ടാണ് ഞായറാഴ്ച ഏറ്റവുംകൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ടുചെയ്തത്. 32 പഞ്ചായത്തുകളിൽ ഇപ്പോഴും സന്പൂർണ ലോക്ഡൗണാണ്. അവിടെ നിയന്ത്രണങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇനി കോവിഡ്ബാധിതരുടെ എണ്ണംകൂടുകയും കൂടുതൽ നിപ കേസുകൾ റിപ്പോർട്ടുചെയ്താൽ കൂടുതൽ പ്രതിസന്ധിയിലാവും.

ഒന്നരവർഷമായി കോവിഡുമായുള്ള പോരാട്ടത്തിലായിരുന്നു ഡോക്ടർമാരും നഴ്സുമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും ഉൾപ്പെടെയുള്ള ആരോഗ്യവകുപ്പ് ജീവനക്കാർ. അവർക്കുതന്നെയാണ് പുതിയ വെല്ലുവിളികൂടി നേരിടേണ്ടിവരുന്നത്.

പക്ഷേ, നിലവിലുള്ള കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെ ബാധിക്കാത്തരീതിയിലാണ് നിപയ്ക്കുവേണ്ടിയുള്ള സംവിധാനങ്ങൾ ഒരുക്കിയതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

ചാത്തമംഗലത്ത് ഇന്ന് അടിയന്തരയോഗം

ചാത്തമംഗലം : ഗ്രാമപ്പഞ്ചായത്തില്‍ നിപ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ തിങ്കളാഴ്ച രാവിലെ 11ന് അടിയന്തരയോഗം നടക്കും.

കെട്ടാങ്ങലില്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന യോഗത്തില്‍ എം.എല്‍.എ., പോലീസ്, വില്ലേജ് ഓഫീസര്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാകും പിന്നീടുള്ള തീരുമാനങ്ങളെടുക്കുകയെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍ അറിയിച്ചു. മരിച്ചകുട്ടി താമസിച്ച വീടിനു മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ അടിച്ചിടാനാണ് നിര്‍ദേശമുള്ളത്. ഇതുപ്രകാരം ചാത്തമംഗലം ഗ്രാമപ്പഞ്ചായത്തിലെ എട്ട്, ഒമ്പത്, 10, 11, 12 വാര്‍ഡുകളും മുക്കം നഗരസഭയുടെ ഒരുവാര്‍ഡും കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മൂന്നുവാര്‍ഡുകളും മാവൂരിലെ ഒരുവാര്‍ഡിന്റെ ഏതാനുംഭാഗവും അടച്ചിടുമെന്നും അദ്ദേഹം പറഞ്ഞു.

നിപ സ്ഥിരീകരിച്ച വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം

മാവൂര്‍: കഴിഞ്ഞദിവസം നിപ സ്ഥിരീകരിച്ച പാഴൂരില്‍ കര്‍ശന നിയന്ത്രണമൊരുക്കി പോലീസ്. ശനിയാഴ്ച രാത്രി 11.45-ഓടെ മാവൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ ബാരിക്കേഡ് വെച്ച് അടച്ചിരുന്നു. പാഴൂരിന്റെ ചുറ്റുമുള്ള മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ പൂര്‍ണമായി അടയ്ക്കാനും ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ട്. മാവൂര്‍, ചാത്തമംഗലം, കൊടിയത്തൂര്‍ പഞ്ചായത്തുകളും മുക്കം മുനിസിപ്പാലിറ്റിയുടെ ചിലഭാഗങ്ങളും മൂന്നുകിലോമീറ്ററിനുള്ളില്‍ പെടും.

നിപ വൈറസ് ബാധ റിപ്പോര്‍ട്ടുചെയ്ത ചാത്തമംഗലം പഞ്ചായത്ത് മുഴുവനായും മുക്കം മുനിസിപ്പാലിറ്റി, കൊടിയത്തൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ ചാത്തമംഗലം പഞ്ചായത്തിനോട് ചേര്‍ന്നുകിടക്കുന്ന മൂന്നുകിലോമീറ്റര്‍ ചുറ്റളവിലുള്ള വാര്‍ഡുകളും കണ്‍ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുകയുംചെയ്തു. ഭക്ഷ്യവസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും വില്‍പ്പനകേന്ദ്രങ്ങള്‍ രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ മാത്രമേ തുറക്കുകയുള്ളൂവെന്ന് കളക്ടര്‍ അറിയിച്ചു. മരുന്നുഷോപ്പുകള്‍ക്കും ആരോഗ്യകേന്ദ്രങ്ങള്‍ക്കും സമയപരിധിയില്ലെന്നും കളക്ടര്‍ അറിയിച്ചു.

ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ പാഴൂര്‍ മുഴുവനായും എട്ട്, 10, 12 വാര്‍ഡുകള്‍ ഭാഗികമായും അടച്ചു. ഈവാര്‍ഡുകളിലുള്ളവര്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. ഭക്ഷ്യസാമഗ്രികള്‍ തിരഞ്ഞെടുത്ത ആര്‍.ആര്‍.ടി.മാര്‍ എത്തിച്ചുനല്‍കുമെന്നും പോലീസ് അറിയിച്ചു.

കൂളിമാട് ജങ്ഷനില്‍നിന്ന് പാഴൂരിലേക്കുപോകുന്ന വഴി ഞായറാഴ്ച രാവിലെ എട്ടുമുതല്‍ അടച്ചിട്ടുണ്ട്. ഡി.എസ്.ഒ. ഡോ. പീയൂഷ് നമ്പൂതിരി, ചാത്തമംഗലം പഞ്ചായത്ത് ഹെല്‍ത്ത് ഓഫീസര്‍ ഡോ. സുനില്‍കുമാര്‍, ചാത്തമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍, പഞ്ചായത്ത് അംഗങ്ങളായ ഇ.പി. വത്സല, റഫീക്ക് കൂളിമാട്, എച്ച്.എ. റഷീദ്, വില്ലേജ് ഓഫീസര്‍ ജെസി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. മാവൂര്‍ സി.ഐ. കെ. വിനോദ്, എസ്.ഐ. വി.ആര്‍. രേഷ്മ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുനുണ്ട്. മൈക്കിലൂടെ രോഗത്തെ സംബന്ധിച്ചും മുന്‍കരുതലുകളെടുക്കാനും നിര്‍ദേശം നല്‍കുന്നുണ്ട്.