കോഴിക്കോട്: വവ്വാലുകൾ കടിക്കാത്ത പഴങ്ങൾ കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും നിപഭീതി പഴവിപണിയെ ബാധിക്കുന്നു. കോവിഡ് കാരണം രണ്ടുവർഷമായി പൊതുവേ നഷ്ടത്തിലാണ്. നിപഭീതികൂടിയായതോടെ കച്ചവടം തീരെ കുറഞ്ഞെന്ന് വ്യാപാരികൾ പറയുന്നു.

12-കാരന് നിപബാധിച്ചത് റമ്പൂട്ടാൻ കഴിച്ചതിലൂടെയാണെന്നുള്ള സൂചനയെത്തുടർന്ന് മൂന്നുദിവസമായി തീരെ കച്ചവടമില്ലെന്ന് പാളയത്തെ പഴക്കച്ചവടക്കാർ പറയുന്നു. അന്യസംസ്ഥാനങ്ങളിലെ ഫാമുകളിൽനിന്നാണ് എല്ലാ പഴങ്ങളുമെത്തുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണങ്ങളാണ് ആളുകളെ ഭയപ്പെടുത്തുന്നത്. ഇതാണ് പലരും പഴം വാങ്ങാൻ മടിക്കുന്നതെന്ന് ഉന്തുവണ്ടിക്കച്ചവടക്കാർ പറയുന്നു. 2018-ൽ നിപ വന്നപ്പോൾ ആദ്യദിവസങ്ങളിൽ കച്ചവടം വളരെ കുറഞ്ഞിരുന്നു. പ്രചാരണങ്ങൾ വാസ്തവവിരുദ്ധമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ആളുകൾ വീണ്ടും മാർക്കറ്റുകളിലേക്കെത്തിയത്. പിന്നീട് നല്ലകച്ചവടമായിരുന്നെന്ന് പാളയത്ത് 20 വർഷത്തിലധികമായി കച്ചവടം നടത്തുന്ന ടി.വി. ഷെക്കീർ പറഞ്ഞു.

ആപ്പിൾ, ഓറഞ്ച്, പേരയ്ക്ക, സീതപ്പഴം എന്നിവയുടെ സീസണാണിപ്പോൾ. പാളയം മാർക്കറ്റിൽ പേരയ്ക്ക, ഓറഞ്ച് എന്നിവ ഒന്നരക്കിലോക്ക്‌ 50 രൂപയും ആപ്പിൾ, സീതപ്പഴം എന്നിവ 100 രൂപയ്ക്കുമാണ് വിൽക്കുന്നത്. സാധാരണ സമയമായിരുന്നെങ്കിൽ ഇവയുടെ മൊത്തവില 50 രൂപയായിരുന്നേനെയെന്ന് വ്യാപാരികൾ പറഞ്ഞു. വാങ്ങാൻ ആളുകളെത്താതിനാൽ വിലകുറച്ചു നൽകുകയാണിവർ. മൊത്തവ്യാപാരകേന്ദ്രങ്ങളിൽ പഴങ്ങൾ കെട്ടിക്കിടക്കുന്നുണ്ട്. രണ്ടുമണിക്കൂർകൊണ്ട് തീരേണ്ട പഴങ്ങൾ മണിക്കൂറുകൾ നിന്നാൽമാത്രമേ വിറ്റഴിക്കാൻ കഴിയുന്നുള്ളൂവെന്ന് വ്യാപാരി ടി.വി. നജാദ് പറഞ്ഞു.

റമ്പൂട്ടാൻ തിരിച്ചയച്ചു

മാർക്കറ്റിൽ ഇത്തവണ മികച്ചവിപണിയാണ് റമ്പൂട്ടാന് ലഭിച്ചത്. കിലോയ്ക്ക് 300 രൂപവരെയുണ്ടായിരുന്നു. ഇവ വാങ്ങാനായി ആളുകളുമെത്തിയിരുന്നു. പിന്നീട് വില 200 രൂപയായി കുറഞ്ഞു. നിപ വൈറസ് റമ്പൂട്ടാനിലൂടെയാണ് പകർന്നതെന്ന സൂചനവന്നതോടെ ആവശ്യക്കാരില്ലാതായിരിക്കുകയാണ്.

സീസൺ അവസാനിക്കാറായെങ്കിലും ഇവയുടെ വിൽപ്പന പലരും താത്കാലികമായി നിർത്തിയിരിക്കുകയാണ്. ചൊവ്വാഴ്ച പാളയം മാർക്കറ്റിൽ വിൽപ്പനയ്ക്കായെത്തിയ റമ്പൂട്ടാൻ മൊത്തവ്യാപാരികൾ തിരിച്ചയച്ചു.