മുക്കം : ചാത്തമംഗലം പഞ്ചായത്തില്‍ നിപ മരണം റിപ്പോര്‍ട്ടുചെയ്ത പശ്ചാത്തലത്തില്‍, വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ വവ്വാലിനെ പിടികൂടുന്നതിനായി വല സ്ഥാപിച്ചു. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന്‍ ഗോഖലെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊടിയത്തൂര്‍ പഞ്ചായത്തിലെ കുറ്റിയോട്ട് ഭാഗത്ത് വല സ്ഥാപിച്ചത്. 

ഇവിടെയുള്ള മരങ്ങളില്‍ വവ്വാലുകള്‍ വ്യാപകമായി വസിക്കുന്നുണ്ട്. ഇവിടെനിന്ന് അരക്കിലോമീറ്റര്‍ അകലെയാണ് വൈറസ് ബാധയേറ്റ് മരിച്ച ഹാഷിമിന്റെ പിതാവിന്റെ കൃഷിസ്ഥലം. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ തുടങ്ങിയ ദൗത്യം രാത്രി എട്ടരയോടെയാണ് പൂര്‍ത്തിയായത്.

പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ദിവസം പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. ഇവിടെയുള്ള തേക്കില്‍ വവ്വാലിന്റെ വലിയ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഈ ഭാഗത്തെ വവ്വാലിന്റെ സ്രവം പരിശോധനയ്ക്കായി എടുക്കാന്‍ തീരുമാനിച്ചത്. മരത്തിലെ വവ്വാലുകള്‍ പൂര്‍ണമായും ഇരതേടി പോയതിനുശേഷമാണ് വല സ്ഥാപിച്ചത്.

ഇരപിടിച്ച്, പുലര്‍ച്ചെ തിരികെയെത്തുന്ന വവ്വാലിന്റെ സ്രവമാണ് പരിശോധനയ്ക്ക് വിധേയമാക്കുക. തേക്കിനുസമീപത്തെ കവുങ്ങിലും തെങ്ങിലും കെട്ടിയാണ് വല ഉറപ്പിച്ചത്. ശനിയാഴ്ച രാവിലെ വവ്വാലുകളെ പിടികൂടി വല നീക്കംചെയ്യും.വയനാട് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ അരുണ്‍ സഖറിയ, അസി. വെറ്ററിനറി ഓഫീസര്‍മാരായ അജേഷ് മോഹന്‍ദാസ്, അരുണ്‍ സത്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വെറ്ററിനറി യൂണിറ്റിന്റെ സഹായവും ഉണ്ടായിരുന്നു.