Dr Arun Kumar
ഡോ. ജി. അരുണ്‍കുമാര്‍

‘‘രക്തസാമ്പിൾ പരിശോധിക്കുമ്പോൾ നിപ ആവരുതെന്ന ചിന്തമാത്രമാണുണ്ടായിരുന്നത്. എന്നാൽ, സ്ഥിരീകരിച്ചശേഷം ആകെയൊരു ഭയമായിരുന്നു’’, ഒരു വർഷംമുമ്പ് ഇതേദിവസം മനസ്സ് പൊള്ളിയതിന്റെ ഓർമകളാണ് മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടർ ഡോ. ജി. അരുൺകുമാറിന്റെ വാക്കുകളിൽ നിറയെ.

കോഴിക്കോടുപോലെ തിരക്കേറിയ നഗരത്തിൽ നിപ വന്നാലുള്ള അവസ്ഥയെക്കുറിച്ചായിരുന്നു പേടി. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പടരുന്നതിനാൽ രോഗവ്യാപനത്തിനുള്ള സാധ്യത ഇരട്ടിയായിരുന്നു. എന്നാൽ 18 പേരുടെ മരണത്തിനിടയാക്കിയ നിപയെ വളരെവേഗം പിടിച്ചുകെട്ടാനായതിന്റെ ആശ്വാസമാണ് ഒരു വർഷത്തിനിപ്പുറം അദ്ദേഹം പങ്കുവെച്ചത്.

നിപ സ്ഥിരീകരിച്ച് അടുത്തദിവസം വിദഗ്ധ സംഘത്തിനൊപ്പം കോഴിക്കോട്ടേക്ക് എത്തുമ്പോഴുള്ള സ്ഥിതിയായിരുന്നില്ല പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിലെന്ന് അദ്ദേഹം ഓർത്തു. തിരക്കുപിടിച്ച നഗരത്തിലും അതേ പ്രതീതിയുള്ള ഗ്രാമങ്ങളിലും ആളൊഴിഞ്ഞു. കടകൾ അടഞ്ഞു. ബസുകളിൽ ആളുകളില്ല. നിരത്തിൽനിന്ന് വാഹനങ്ങളൊഴിഞ്ഞു.

മലയാളിയായതിനാൽ ആളുകളെ പറഞ്ഞുമനസ്സിലാക്കാൻ എളുപ്പമായിരുന്നു. ഒരുപക്ഷേ, മലയാളിയല്ലാത്ത ഒരാളായിരുന്നെങ്കിൽ ബോധവത്കരണം ഇത്രത്തോളം ഫലപ്രദമാകുമെന്ന് തോന്നുന്നില്ലെന്ന് ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ അദ്ദേഹം പറഞ്ഞു.

വീണ്ടും നിപ വരാനുള്ള സാധ്യതയുണ്ടോ?

ഇനിയും നിപ വരാനുള്ള സാധ്യതയുണ്ട്. എന്നാൽ, തുടർച്ചയായി നിപ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത വളരെക്കുറവാണ്. പഴംതീനികളായ വവ്വാലുകളിൽനിന്നാണ് നിപ വൈറസ് വരുന്നത്. ഇത്തരം വവ്വാലുകളാണ് കേരളത്തിലുള്ളത്. കോഴിക്കോട് പന്തിരിക്കരയിലെ സാബിത്തിന്റെ വീടിനുസമീപത്തുനിന്ന് പിടിച്ച 20 ശതമാനം വവ്വാലുകളിലും നിപ വൈറസിനെ കണ്ടെത്തി. വവ്വാലിന്റെ പ്രജനനമാസമായ ഡിസംബർ മുതൽ മേയ് വരെയുള്ള കാലങ്ങളിൽ ജാഗ്രത പുലർത്തണം.

പലരോഗങ്ങളും പകരുന്നത് ആശുപത്രികളിൽനിന്നാണ്. ആശുപത്രിയിൽനിന്ന് പകർച്ചവ്യാധികൾ പടരുന്നത് നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാവണം. ആശുപത്രികളിൽ മാസ്ക് വിതരണം, കഫ് കോർണർ എന്നിവ നിർബന്ധമാക്കണം. സന്ദർശകരുടെ എണ്ണംകുറയ്ക്കാനും ജീവനക്കാരുടെ എണ്ണംകൂട്ടാനും ആശുപത്രികൾ തയ്യാറാവണം.

പ്രതിരോധ മരുന്നില്ലെന്ന് പറയുന്നതിൽ എത്രത്തോളം വാസ്തവമുണ്ട്?

നിപയ്ക്ക് പ്രതിരോധമരുന്നില്ലെന്നത് തെറ്റായ ധാരണയാണ്. വാക്സിൻ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, മാർക്കറ്റിൽ ഇവ ലഭ്യമല്ലാത്തതാണ് പ്രധാനപ്രശ്നം. ലോകത്തിൽ 550 പേർക്ക് മാത്രമാണ് നിപ വന്നിട്ടുള്ളത്. ഓസ്‌ട്രേലിയൻ സർക്കാർ നിപ വാക്സിനായി പണം നിക്ഷേപിക്കുന്നുണ്ട്. നിലവിൽ ലോകാരോഗ്യസംഘടന നിപ ആഗോളഭീഷണിയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് വാക്സിൻ ഉണ്ടാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ വ്യാപകമായി നടക്കുന്നുണ്ട്.