കോഴിക്കോട് : ഞായറാഴ്ച പുലർച്ചെ മരിച്ച ചാത്തമംഗലം പാഴൂരിലെ പന്ത്രണ്ടുവയസ്സുകാരന് മെഡിക്കൽ കോളേജിൽ സ്വാബ് പരിശോധന നടത്തിയില്ല.

നിപ സംശയത്തെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽനിന്നാണ് സാന്പിൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചതും രോഗം സ്ഥിരീകരിച്ചതും. ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ഓഗസ്റ്റ് 31-ന് ഉച്ചയോടെയാണ് കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ മൊബൈൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. എന്നാൽ, ഐ.സി.യു. കിട്ടാത്തതിനാൽ ഒന്നിന് ബുധനാഴ്ച രാവിലെ 11 മണിയോടെ രക്ഷിതാക്കൾ കുട്ടിയെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

കുട്ടിയുടെ ആരോഗ്യനില കണക്കിലെടുത്താണ് സാന്പിൾ ശേഖരിക്കാതിരുന്നതെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്. ആരോഗ്യം മോശമായ അവസ്ഥയിൽ നട്ടെല്ലിന്റെ ഭാഗത്തുനിന്ന് സ്വാബ് കുത്തിയെടുക്കുക അപകടകരമായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെടുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുത്താനാണ് ശ്രമിച്ചതെന്നും ആശുപത്രി അധികൃതർ പറയുന്നു.

അന്വേഷിക്കും -മന്ത്രി

മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചപ്പോൾ സ്രവപരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. സ്രവ പരിശോധന നടത്തുന്നതിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.