കോഴിക്കോട്: സംസ്ഥാനത്ത് നിപ ബാധ നിയന്ത്രണവിധേയമാക്കിയെങ്കിലും ആവർത്തിക്കാതിരിക്കാൻ രോഗത്തിന്റെ ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്ന് വിദഗ്ധർ. ഇതിനായി വിവിധ ഏജൻസികളുടെ കൂട്ടായ തുടരന്വേഷണങ്ങൾ വേണമെന്ന് ചെന്നൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ഗവേഷകൻ ഡോ. സുഗുണൻ പറഞ്ഞു. നരവംശശാസ്ത്ര വിദഗ്ധരുടെയടക്കം സേവനം തേടിയിട്ടുണ്ടെന്നും കേന്ദ്ര അന്വേഷണസംഘാംഗമായ അദ്ദേഹം പറഞ്ഞു.

മലേഷ്യയിലാണ് 1998-ൽ ആദ്യമായി നിപ ബാധ പൊട്ടിപ്പുറപ്പെട്ടത്. പഴംതീനി വവ്വാലുകളാണ് നിപ വൈറസ് വാഹകർ. മലേഷ്യയിൽ വവ്വാലുകൾ കടിച്ച ഫലവർഗങ്ങൾ കഴിച്ച പന്നികളെ വൈറസ് ബാധിച്ചു. പന്നികളിൽനിന്നാണ് മനുഷ്യരിലേക്ക് രോഗം പകർന്നത്. മലേഷ്യയിൽ രോഗം പിന്നീട് ഉണ്ടായില്ല. എന്നാൽ, ബംഗ്ലാദേശിൽ രോഗം പലതവണ പ്രത്യക്ഷപ്പെട്ടു.

രോഗബാധയെത്തുടർന്ന് സ്വീകരിച്ച കടുത്ത പ്രതിരോധ നടപടികളാണ് മലേഷ്യയിൽ രോഗം ആവർത്തിക്കാതിരിക്കാൻ കാരണമായത്. ഉറവിടം കണ്ടെത്തിയത് പ്രതിരോധമാർഗങ്ങൾ കൈക്കൊള്ളുന്നതിൽ നിർണായകമായി. പഴത്തോട്ടങ്ങളിലായിരുന്നു മലേഷ്യയിൽ പന്നികളെ വളർത്തിയിരുന്നത്. ഇത് തടയാനായി നിയമനിർമാണംനടത്തി. വവ്വാലുകളുടെ ഭക്ഷ്യാവശിഷ്ടങ്ങൾ പന്നികൾ കഴിക്കുന്നത് തടയാനുള്ള മുൻകരുതലുകളുമെടുത്തു. കർഷകർക്ക് ബോധവത്കരണവും നൽകി.

പേരാമ്പ്രയിൽ ആദ്യം രോഗംബാധിച്ചെന്നു കരുതുന്ന സൂപ്പിക്കടയിലെ സാബിത്തിന് എവിടെ നിന്നാണ് വൈറസ് ബാധിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല. മൃഗസംരക്ഷണവകുപ്പ് പ്രദേശത്തെ വവ്വാലുകളെയും സാബിത്തിന്റെ വീട്ടിലെ മുയലുകളുടെ സാമ്പിളുകളും പരിശോധിച്ചെങ്കിലും ഫലം ഉണ്ടായില്ല. ലക്ഷം വവ്വാലുകളിൽ മൂന്നോ നാലോ എണ്ണത്തിൽ മാത്രമേ വൈറസ് കാണുകയുള്ളൂവെന്നത് വലിയ വെല്ലുവിളിയാണ്.

അന്വേഷണത്തിന് ആദ്യ രോഗിയുടെ പൂർവകാലവും ബന്ധങ്ങളും സഞ്ചാരങ്ങളും വിശദമായി വിശകലനം ചെയ്യേണ്ടതുണ്ടെന്ന് ഡോ. സുഗുണൻ ചൂണ്ടിക്കാട്ടി. ഇതിനായാണ് നരവംശശാസ്ത്ര വിദഗ്ധരുടെ സഹായം തേടിയത്. വവ്വാലുമായി സാബിത്തിന് നേരിട്ട് സമ്പർക്കമുണ്ടായിരുന്നോ എന്നത് പരിശോധിക്കണം. വവ്വാൽ കടിച്ച മാങ്ങയോ മറ്റോ കഴിച്ചതിൽനിന്നാണ് രോഗം ബാധിച്ചതെന്ന വാദത്തിന് പിന്തുണ കുറവാണ്. അങ്ങനെയെങ്കിൽ കൂടുതൽ പേർക്ക് രോഗംബാധിക്കുമായിരുന്നെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വിശദപഠനത്തിന് മൃഗസംരക്ഷണ വകപ്പും പദ്ധതി സമർപ്പിക്കുന്നുണ്ട്. മറ്റ് വന്യജീവികളെയും പഠനത്തിന് വിധേയമാക്കാനാണ് വകുപ്പ് ഉദ്ദേശിക്കുന്നത്.