കോഴിക്കോട്: മണിചെയിൻ എന്ന പേരിൽ നേരിട്ടവതരിച്ചാൽ ആളുകളെ കെണിയിൽ വീഴ്ത്തൽ അത്ര എളുപ്പമല്ലെന്ന തിരിച്ചറിവിൽ പുതിയ രീതികൾ പരീക്ഷിക്കുകയാണ് സാമ്പത്തിക തട്ടിപ്പുകാർ. അന്താരാഷ്ട്ര ബ്രാൻഡുകളുടെ ശാഖകൾ തുടങ്ങാം, ഓഹരിയെടുത്ത് വരുമാനമുണ്ടാക്കാമെന്നൊക്കെ പറഞ്ഞാണ് ക്യൂനെറ്റ് ഉൾപ്പെടെയുള്ള മണിചെയിൻ കമ്പനികൾ ആളുകളെ സമീപിക്കുന്നത്. കോവിഡ് സാഹചര്യം മുതലെടുത്ത് ജില്ലയിൽ രണ്ടായിരത്തോളം പേരെയാണ് ഇവർ കെണിയിൽപ്പെടുത്തിയത്.

ഭാര്യയുടെ സ്വർണം പണയംവെച്ചും ബാങ്കിൽനിന്ന്‌ വായ്പയെടുത്തുമൊക്കെ ലാഭം പ്രതീക്ഷിച്ച് പണമടച്ചവർക്ക് ലക്ഷങ്ങളാണ് നഷ്ടമായത്. കെ.എഫ്.സി.യുടെ ലോകത്ത് മൊത്തം നടക്കുന്ന കച്ചവടത്തിന്റെ ലാഭത്തിന്റെ ഒരു ശതമാനം നൽകാമെന്ന് പറഞ്ഞാണ് കോഴിക്കോട് ചാലിയത്തുള്ള ഏജന്റ് ക്യൂനെറ്റിന്റെ വലയിലാക്കിയതെന്ന് കൊടുവള്ളി സ്വദേശി അബ്ദുൽനാഫി പറയുന്നു. എല്ലാ വെള്ളിയാഴ്ചകളിലും മുപ്പതിനായിരം രൂപമുതൽ ഒരു ലക്ഷം രൂപവരെ അക്കൗണ്ടിലെത്തുമെന്നാണ് നാഫിയോട് പറഞ്ഞത്. ഭാര്യയുടെ അടുത്ത ബന്ധുതന്നെയാണല്ലോ പറയുന്നത് ഒരു വരുമാന മാർഗവുമല്ലേ എന്ന് കരുതി ഭാര്യയുടെ സ്വർണം പണയം വെച്ച് 4.90 ലക്ഷം രൂപയാണ് നാഫി അടച്ചത്. പക്ഷേ, പിന്നീട് പണം നൽകിക്കഴിഞ്ഞപ്പോൾ കൂടുതൽ ആളുകളെ ചേർക്കണമെന്നും 25000 രൂപ ലാഭവിഹിതം കിട്ടുമെന്നും പറഞ്ഞപ്പോഴാണ് മണിചെയിൻ തട്ടിപ്പാണെന്ന് മനസ്സിലായതെന്ന് നാഫി പറയുന്നു. 4.90 ലക്ഷം രൂപ അടച്ചതിന് 400 ഡോളർ തിരികെ നൽകിയിരുന്നു. ബാക്കി പണം തിരികെ ചോദിച്ചെങ്കിലും ആരോടെങ്കിലും ഇതിനെതിരേ പറഞ്ഞാൽ വിവരമറിയുമെന്ന് നാഫിയുടെ ഭാര്യയുടെ ബന്ധുവായ ചാലിയത്തെ ഏജന്റ് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൊടുവള്ളി പോലീസിൽ പരാതി നൽകി നീതികാത്തു കഴിയുകയാണ് നാഫി.

സമാന അനുഭവമാണ് വാണിമേൽ സ്വദേശി ഫഹദിനുമുണ്ടായത്.ഏറ്റവുമടുത്ത സുഹൃത്താണ് ഫഹദിനെ ക്യൂനെറ്റിൽ ചേർത്തത്. ഏഴ് അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഫ്രാഞ്ചൈസികൾ തുടങ്ങാമെന്ന് പറഞ്ഞാണ് 4.30 ലക്ഷം രൂപ വാങ്ങിയത്. മുടക്കിയ പണം എവിടെയും നഷ്ടമാവില്ലെന്നും എന്തെങ്കിലും പ്രശ്നമുണ്ടായാൽ തിരികെ നൽകുമെന്ന് പറഞ്ഞതുകൊണ്ടും അവിശ്വസിച്ചില്ല. മലേഷ്യൻ ആസ്ഥാനമായുള്ള കമ്പനിയാണ് രണ്ടുവർഷം കൂടെനിന്നാൽ ഭാഗ്യംതെളിയുമെന്നും പറഞ്ഞു. ആദ്യഘട്ടത്തിൽ ആളെച്ചേർക്കാനൊന്നും പറഞ്ഞിരുന്നില്ല. പിന്നീടാണ് ക്യൂനെറ്റാണെന്ന് പറയുന്നത്.

ജോലിനൽകാമെന്ന് പറഞ്ഞ് പറ്റിച്ചു

മകൾക്ക് ജോലിനൽകാമെന്ന് പറഞ്ഞാണ് നാദാപുരം ജാതിയേരി സ്വദേശിയായ ദുബായിയിലെ സഹപ്രവർത്തകൻ ക്യൂനെറ്റിൽ കുടുക്കിയതെന്ന് എറണാകുളം സ്വദേശിയായ ഷാജഹാൻ പറയുന്നു. ഒരു വൻകിട കമ്പനിയിൽ ജോലിയെന്നു മാത്രമേ പറഞ്ഞിരുന്നുള്ളൂ. പലതവണയായി അഞ്ചു ലക്ഷം രൂപ വാങ്ങി. ഗൾഫിൽ ഒപ്പം ജോലിചെയ്തിരുന്നയാളായതിനാൽ അവിശ്വസിച്ചില്ല. പണം വേണമെന്നാവശ്യപ്പെട്ടപ്പോൾ അജ്മാനിൽ ഒരു ഹോട്ടലിൽകൊണ്ടുപോയി തന്നെ ഭീഷണിപ്പെടുത്തിയെന്നും ഷാജഹാൻ പറയുന്നു. നാദാപുരം സ്വദേശിക്കെതിരേ വളയം പോലീസ് സ്റ്റേഷനിൽ പരാതിനൽകിയിരിക്കുകയാണിപ്പോൾ.

ക്ലാസുകൾ വൻകിട ഹോട്ടലിൽ

വൻകിട ഹോട്ടലുകളിൽ മാത്രമാണ് ഇത്തരം മണിചെയിൻ കമ്പനികളുടെ ക്ലാസുകൾ നടക്കാറുള്ളത്. മണിചെയിൻ ബിസിനസ്സിലൂടെ ലഭിച്ചതെന്ന് വിശ്വസിപ്പിക്കാൻ ആഡംബര കാറുകളും ഇവർക്ക് മുന്നിൽ പ്രദർശിപ്പിക്കും. മണിചെയിനിലെ വരുമാനത്തിലൂടെ ലക്ഷങ്ങൾ വിലമതിക്കുന്ന കാറുകൾ വാങ്ങിയവരുടെ കഥകളാണ് ക്ലാസുകളിൽ വിവരിക്കുക.

മറ്റുസംസ്ഥാനങ്ങളിൽ നടപടി; കേരളത്തിലില്ല

ഒഡീഷ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം 2020 ഫെബ്രുവരിയിൽ തന്നെ കൂനെറ്റിനെതിരേ വഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തതാണ്. ഇതൊരു മണിചെയിൻ തട്ടിപ്പ് കമ്പനിയാണെന്ന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഒഡീഷയിലുള്ളവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒഡീഷയിലെ പോലീസ് ഇറക്കിയ നോട്ടീസിൽ ഇവർ നക്ഷത്രഹോട്ടലിലാണ് യോഗങ്ങൾ വിളിക്കാറുള്ളതെന്നും പറയുന്നു.

ക്യൂനെറ്റും വിഹാൻ ഡയറക്ട് സെല്ലിങ്ങും തൊഴിൽരഹിതരായ യുവാക്കളെയും വീട്ടമ്മമാരെയും ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘമാണെന്നും 20,000 കോടി രൂപയെങ്കിലും ഇവർ സമാഹരിച്ചിട്ടുണ്ടെന്നും ആരും ഇവരുടെ കെണിയിൽ പെടരുതെന്ന് തെലങ്കാന പോലീസും ഇവർക്കെതിരേ മുന്നറിയിപ്പ് നൽകിയതാണ്. ക്യൂനെറ്റ് സ്ഥാപകൻ മൈക്കൽ ഫെരാറി ഉൾപ്പെടെയുള്ള ആളുകൾക്കെതിരേ സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ മുംബൈ പോലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. കേന്ദ്ര കോർപറേറ്റ് അഫയേഴ്‌സ് മന്ത്രാലയവും ഇവർക്കെതിരേ നടപടിയാവശ്യപ്പെട്ടിട്ടുണ്ട്. മറ്റു പല സംസ്ഥാനങ്ങളും നടപടിയെടുത്തതുകൊണ്ട് ഇവർക്ക് അവിടെയൊന്നും പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ്.

പക്ഷേ, ഒട്ടേറെപ്പേരെ തട്ടിപ്പിനിരയാക്കിയെന്ന് കേരള പോലീസിന് പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. കേരളത്തിൽ ഇവർ ഇപ്പോഴും ആളുകളെ പറ്റിക്കൽ നിർബാധം തുടരുകയാണെന്ന് കോഴിക്കോട് ബാറിലെ അഭിഭാഷകനായ ആന്റണി സെബാസ്റ്റ്യൻ പറയുന്നു. ഇവർക്കെതിരേ അന്വേഷിച്ച് പാർലമെന്റിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

സാമ്പത്തിക തട്ടിപ്പ് നടത്തുന്ന മണിചെയിൻ കമ്പനികളുടെ പട്ടികയിലാണ് ഇവരും. കോർപറേറ്റ് അഫയേഴ്‌സ് മന്ത്രാലയവും ഇവരുടെ അംഗീകാരം റദ്ദാക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: New money chain team in Kozhikode