‘‘ശരിക്കും നിങ്ങൾ തന്നെയാണോ നക്സലൈറ്റ് വർഗീസ്’’ -വർഗീസിനെ ആദ്യം കണ്ടപ്പോൾ തൃശ്ശിലേരി കൈതവള്ളിയിലെ പി.കെ. കരിയൻ ആദ്യം ചോദിച്ച ചോദ്യം. ‘‘ജന്മിമാർ ഭയന്നുവിറച്ച ആ പേര് ഇത്രയും സൗമ്യനായ ഒരാളുടേതായിരുന്നെന്ന് ആശ്ചര്യമായി തോന്നി. പേടിക്കേണ്ടെന്നായിരുന്നു വർഗീസിന്റെ മറുപടി’’ -വർഗീസ് മരിച്ചിട്ട് അരനൂറ്റാണ്ടാകുമ്പോഴും കരിയനിപ്പഴും അക്കാലം കൺമുന്നിലുണ്ട്.

കേരളത്തിൽ നക്സലൈറ്റ് കേസിൽപ്പെട്ട് അറസ്റ്റിലായ ആദിവാസി വിഭാഗത്തിൽനിന്നുള്ള ആദ്യത്തെയാളാണ് ഇന്ന് ഗോത്രവർഗ കാരണവരായ കരിയൻ. വർഗീസിന്റെ സഹായിയെന്ന കാരണത്താലായിരുന്നു അറസ്റ്റ്.

ജന്മിത്വത്തിന്റെ ദുരനുഭവങ്ങൾ നിറഞ്ഞ ബാല്യം മുതൽ സഖാവ് വർഗീസിനെക്കുറിച്ച് കോളനിയിലുള്ളവർ പറയുന്നതുകേട്ടിട്ടുണ്ട്. വീട്ടിൽനിന്ന് അകലെ കല്പറ്റ എസ്.കെ.എം.ജെ. സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് വർഗീസിനെക്കുറിച്ച് കൂടുതലറിഞ്ഞത്. ചൂഷകർക്കെതിരേ വിപ്ലവം നടത്തുന്നയാളാണ് എന്നറിഞ്ഞതോടെ ആരാധന തുടങ്ങി. ചോമനെന്ന അടിയാനെക്കൊണ്ട് കൂലി കൊടുക്കാത്ത ജന്മിയുടെ മുഖത്തടിപ്പിച്ച വർഗീസിന്റെ കഥകളെല്ലാം ഇതിനിടെ കേട്ടു. വർഗീസെന്ന നക്സലിനെ ജന്മിമാർ ഭയന്നുതുടങ്ങിയെന്നു കേട്ടതോടെ നേരിൽക്കാണാനുള്ള ആഗ്രഹവും കൂടിവന്നു.

അങ്ങനെ ഒരവധിക്കാലത്ത് തൃശ്ശിലേരിയിലെ വീട്ടിലെത്തിയപ്പോൾ ഇരുട്ടത്ത് ചൂട്ടുംകത്തിച്ച് ഒരാൾ കയറിവന്നു. അതായിരുന്നു വർഗീസ്- ‘അടിയോരുടെ പെരുമൻ’. പഠിക്കുന്ന കുട്ടിയാണ് എന്നറിഞ്ഞതോടെ വർഗീസ് കെട്ടിപ്പിടിച്ചെന്ന് കരിയൻ പറയുന്നു. നന്നായി പഠിക്കണം എന്നുപദേശിച്ചു.

അന്ന് ഒരേ പായയിലാണു കിടന്നുറങ്ങിയത്. പിറ്റേന്ന് തിരുനെല്ലിയിലേക്കു വർഗീസിനു വഴികാണിച്ചതും കരിയനാണ്. തൊഴിലാളികളോടും ആദിവാസികളോടുമെല്ലാം നന്നായി ഇടപെടുന്ന വർഗീസിനെ പിന്നെയും ഒരുപാടുതവണ കണ്ടു. കാണുമ്പോഴെല്ലാം നന്നായി പഠിക്കണം എന്നുമാത്രം പറഞ്ഞു.

പിന്നീടാണ് കരിയന്റെ ജീവിതം വഴിമാറിയത്. മറ്റൊരു സ്കൂൾ അവധിക്കാലത്ത് തൃശ്ശിലേരിയിൽ എത്തിയ സമയത്താണ് അഡിഗ എന്ന ജന്മിയെ നക്സലൈറ്റുകൾ കൊല്ലുന്നത്. ഇതോടെ തൃശ്ശിലേരി നക്സൽ ഭീകരതയുടെ മുൾമുനയിലായി. കരിയൻ ഉൾപ്പെടെയുള്ള 32 പേരെ വർഗീസിന്റെ സഹായികളെന്ന പേരിൽ അറസ്റ്റുചെയ്തു. കൊലപാതകത്തെക്കുറിച്ച് ഒന്നുമറിയില്ലെങ്കിലും തടവുകാരനായി.

ഏഴുവർഷം കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞു. 1975-ൽ ഇവരെ വെറുതേവിട്ടുകൊണ്ടു വിധിവന്നു. അതിനുശേഷവും ഒരുപാട് കാലം നോട്ടപ്പുള്ളികൾ. കാലംമാറി. ഇന്ന് ഗദ്ദികയെന്ന കലാരൂപത്തിനു വേണ്ടിയാണ് ജീവിതം. എങ്കിലും സഖാവ് വർഗീസിനെക്കുറിച്ച് അന്വേഷിച്ചാൽ നല്ലവാക്കുകൾ മാത്രമേ കരിയനു പറയാനുള്ളൂ.

Content Highlights: naxalite varghese 50th martyrs day