നാദാപുരം : സമ്പർക്കംമൂലം കോവിഡ് രോഗികളുടെ എണ്ണം നൂറ് പിന്നിട്ട തൂണേരി ഗ്രാമപ്പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ജീവനക്കാരില്ല. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തിക ഏറെനാളായി ഒഴിഞ്ഞ് കിടക്കുകയാണ്. മൂന്നു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വേണ്ടസ്ഥാനത്ത് ഒരാൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. രണ്ട് പേരെ ദിവസക്കൂലിക്ക് നിയമിച്ചിരിക്കുകയാണ്. ആശുപത്രിയിൽ ലാബ് ഇല്ലാത്തതും ഏറെ പ്രയാസം സ്യഷ്ടിക്കുന്നതായി നാട്ടുകാർ പറയുന്നു.

സമീപ ഗ്രാമപ്പഞ്ചായത്തുകളിലെ പി.എച്ച്.സി.കളിലധികവും കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയിട്ടുണ്ട്. തൂണേരിയിലെ ആശുപത്രി കുടുംബാരോഗ്യകേന്ദ്രമാക്കി മാറ്റാനുള്ള എല്ലാ സൗകര്യങ്ങളും ഇപ്പോൾ നിലവിലുള്ളതായി ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു. തൂണേരി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്താൻ നടപടികൾ സ്വീകരിക്കണമെന്ന് എൽ.ജെ.ഡി. നാദാപുരം മണ്ഡലം പ്രസിഡന്റ്‌ പി.എം. നാണു ആവശ്യപ്പെട്ടു. തൂണേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് എൽ.ജെ.ഡി. നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി.