നാദാപുരം: പുത്തനുടുപ്പില്ല, ആഘോഷങ്ങളില്ല, സത്കാരങ്ങളും മനംനിറയ്ക്കും പലഹാരപ്പെരുമയുമില്ല... കോവിഡ് കാലത്തെ ബലിപെരുന്നാൾ ആഘോഷം നാടിന് ഇക്കുറി വീടിനുള്ളിൽ ത്തന്നെയാണ്.. വടകര താലൂക്കിൽ ഏതാണ്ട് ഭൂരിഭാഗം പ്രദേശങ്ങളും കൺടെയ്ൻമെന്റ് സോണുകളാണ്. അതുകൊണ്ടുതന്നെ വീട്ടിലൊതുങ്ങുന്നു ആഘോഷങ്ങളെല്ലാം.

പോലീസിന്റെയും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാണ് ആഘോഷങ്ങളെല്ലാം. ചെറിയ പെരുന്നാൾ ആഘോഷസമയത്ത് കോവിഡും ലോക് ഡൗണുമെല്ലാം ഉണ്ടായിരുന്നെങ്കിലും നാട്ടിൻപുറങ്ങളിൽ രോഗം വ്യാപകമായിരുന്നില്ല. അതുകൊണ്ടുതന്നെ സാമൂഹിക അകലം പാലിച്ചുംമറ്റും ചെറിയതോതിൽ ആഘോഷം നടത്തി. അത്യാവശ്യം ബന്ധുവീടുകളിലെല്ലാം കയറിയിറങ്ങി.

ഇപ്പോൾ വടകര താലൂക്കിലെ ഭൂരിപക്ഷം മേഖലകളിലും കോവിഡ് രോഗം റിപ്പോർട്ട് ചെയ്തതിനാൽ എല്ലാവരും വീടുകൾക്കുള്ളിൽത്തന്നെയാണ്. ചിലരാകട്ടെ കോവിഡ് ചികിത്സയിൽ, മറ്റുചിലർ ക്വാറന്റീനിൽ... ബലിപെരുന്നാൾ ആഘോഷത്തിനായി പ്രവാസികളടക്കം ഒട്ടേറെ പേരാണ് വിവിധ രാജ്യങ്ങളിൽനിന്നും സാധാരണ നാട്ടിലെത്താറുളളത്. ചെറിയ പെരുന്നാൾ ആഘോഷമില്ലാതെ കടന്നുപോയപ്പോൾ ബലിപെരുന്നാളായിരുന്നു പ്രതീക്ഷ. അതും ആഘോഷങ്ങളില്ലാതെ കടന്നുപോകുകയാണ്.

ഇക്കുറി വിരലിലെണ്ണാവുന്ന സ്ഥലങ്ങളിൽമാത്രമാണ് കിറ്റ് വിതരണം നടന്നത്. മത്സ്യം എവിടെയും കിട്ടാനില്ല. ഇറച്ചിവിൽപ്പനയ്ക്കും നിയന്ത്രണങ്ങളുണ്ട്.

െവെറലായി പാട്ടുകൾ

വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിലും സാമൂഹികമാധ്യമങ്ങളിലുമായി മാപ്പിളഗാനങ്ങൾ ബലിപെരുന്നാളിന്റെ ഭാഗമായി പുറത്തിറങ്ങി. മാപ്പിള കവി കുന്നത്ത് മൊയ്തു, വി.എം. ആരിഫ, സി.കെ. തോട്ടക്കുനി, വി.ആർ. റഫീഖ്, സി.വി. അഷ്റഫ്, ദിയ ശരീഫ്, ശരീഫ് നരിപ്പറ്റ, സിദ്ധീഖ് വെള്ളിയോട്, ഇസ്ഹാബ് വാണിമേൽ തുടങ്ങിയവരുടെ മാപ്പിളപ്പാട്ടുകൾ ഇതിനകം വിവിധഗ്രൂപ്പുകളിൽ വൈറലാകുന്നുണ്ട്.