നാദാപുരം

: ദുരന്തമേഖലയിൽ ഒരു മെയ്യായ് ഇറങ്ങുന്ന ഈ പത്തംഗസംഘത്തിന് കരുത്തേകാൻ ഇനി ഫ്ളോട്ടിങ് ബോട്ടും. പണം കൊടുത്തുവാങ്ങിയതല്ല, ഇവർതന്നെ സ്വന്തമായി നിർമിച്ചത്. യു ട്യൂബ് ചാനൽ നോക്കിയും മറ്റും ചുരുങ്ങിയ ചെലവിൽ നിർമിച്ച ബോട്ട് പരീക്ഷണാർഥം ഞായറാഴ്ച വാണിമേൽ പുഴയിൽ ഇറങ്ങി. തലങ്ങും വിലങ്ങും സഞ്ചരിച്ച് സുരക്ഷ ഉറപ്പാക്കി.

വാണിമേൽ പാക്കോയി സുരക്ഷാസംഘമാണ് (റെസ്‌ക്യൂ ടീം) ആറുദിവസംകൊണ്ട് ബോട്ട് നിർമിച്ചത്. പുഴകളിലെ അപകടവിവരമറിഞ്ഞ് കുതിക്കുമ്പോൾ ഒരു ബോട്ടിന്റെ കുറവുണ്ടായിരുന്നു.

പുതിയ ബോട്ട് വാങ്ങാൻ മുക്കാൽലക്ഷം രൂപയിലധികം വില വരുമെന്നറിഞ്ഞു. ബുക്കുചെയ്താൽതന്നെ നാട്ടിലെത്താൻ രണ്ടുമാസമെങ്കിലും എടുക്കും. അങ്ങിനെയാണ് ബോട്ട് നിർമിക്കാൻ തീരുമാനിച്ചത്. വിലകൂടിയ വാട്ടർപ്രൂഫ് ഷീറ്റ്, ഇരുമ്പ്, മരം തുടങ്ങിയവ ഉപയോഗിച്ചാണ് എയർ ബോട്ട് നിർമിച്ചത്. പത്തുപേർക്ക് ഒന്നിച്ച് സഞ്ചരിക്കാൻ കഴിയും.

നാദാപുരം മേഖലയിൽ ദുരന്തസമയത്ത് ഇവരുടെ പ്രവർത്തനം തിളക്കമാർന്നതാണ്. കഴിഞ്ഞ മേയ്‌മാസത്തിലാണ് 10 പേർ ചേർന്ന് പാക്കോയി റെസ്‌ക്യൂ ടീം രൂപവത്കരിച്ചത്. വാണിമേൽ പുഴയുടെ പാക്കോയി ഭാഗത്തെ ചെറുപ്പക്കാരാണ് സംഘത്തിലുള്ളത്. വാണിമേൽ പുഴയ്‌ക്ക് കുറുകെ നീന്തിയും ഇടപെട്ടും എന്നും സാഹസികപ്രകടനങ്ങൾ നടത്തുന്നവരാണിവർ. പ്രവാസികളും വിദ്യാർഥികളും കച്ചവടക്കാരും സംഘത്തിലുണ്ട്. കനത്ത മഴയിൽ ഭൂമിവാതുക്കലിലെ കെട്ടിടംതകരുന്ന ഘട്ടത്തിലും വിലങ്ങാട് മലയോരത്ത് വയോധികനെ കാണാതായസമയത്തും അവരുടെ സേവനമുണ്ടായിരുന്നു. റെസ്‌ക്യൂ ടീം രൂപവത്‌കരിച്ച സമയത്ത് ഉപകരണങ്ങളൊന്നും കൈവശമുണ്ടായിരുന്നില്ല.

പ്രളയകാലത്ത് കർമനിരതരായ അവരുടെ പ്രവർത്തനംകണ്ട് ഒട്ടേറെപ്പേർ ദുരന്തമേഖലയിലേക്കുവേണ്ട ഉപകരണങ്ങൾ വാങ്ങാൻ പണം കൈമാറി. അങ്ങിനെ ലൈഫ് ജാക്കറ്റും സേഫ്റ്റി ഹാർനസും റോപ്പും മറ്റ് സുരക്ഷാഉപകരണങ്ങളുമൊക്കെയായി. നാദാപുരം ഫയർ ഓഫീസർ സി.കെ. വാസത്തിന്റെ നിറഞ്ഞ പിന്തുണയും ആവേശമായി. പ്രവർത്തന മികവ് കണ്ട് ഇവരെ ഫയർഫോഴ്സിന്റെ കീഴിലുളള റെസ്‌ക്യൂ വൊളന്റിയർമാരായി തിരഞ്ഞെടുത്തു.