നാദാപുരം : പയന്തോങ്ങ് ഹൈടെക്ക് കോളേജിലും എം.ഇ.ടി. സ്കൂളിലും ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന രണ്ട് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ അവസാനഘട്ട പ്രവർത്തനങ്ങൾ ഉന്നത ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. ഡപ്യൂട്ടി കളക്ടറും വടകര താലൂക്ക് നോഡൽ ഓഫീസറുമായ ടി. ജനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്.

ഹൈടെക്ക് കോളേജിൽ അമ്പത് പേർക്ക് കിടത്തി ച്ചികിത്സിക്കാനുള്ള സൗകര്യമാണ് ആദ്യഘട്ടത്തിൽ ഇവിടെ ഒരുക്കിയത്. ആവിശ്യമായ ഫർണീച്ചറും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

നാദാപുരം മേഖലയിൽ 13 ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളാണ് ആരംഭിക്കുന്നത്. വിവിധ ഗ്രാമപ്പഞ്ചായത്തുകളുടെ നിയന്ത്രണത്തിലാണ് ഇവ തുടങ്ങുന്നത്. നാദാപുരത്ത് വാഫി കോളേജിലും തൂണേരിയിൽ ദാറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിലും വാണിമേലിൽ വെള്ളിയോട് സ്കൂൾ വാണിമേൽ ക്രസന്റ് സ്കൂൾ ഭൂമിവാതുക്കലിലെ പഴയ നഴ്‌സിങ്‌ ഹോം പുറമേരിയിൽ കടത്തനാട് രാജാസ് സ്കൂൾ എന്നിവിടങ്ങളിലാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ തുടങ്ങുന്നത്. മൂന്ന് സ്ഥലങ്ങളിൽ നൂറ് കിടക്കകളുള്ള സജ്ജീകരണമാണ് ഒരുക്കുന്നത്.

ഹൈടെക്ക് കോളേജിൽ ഡെപ്യൂട്ടി കളക്ടറോടൊപ്പം നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ എം.കെ. സഫീറ, സ്ഥിരംസമിതി ചെയർമാൻ ബംഗ്ലത്ത് മുഹമ്മദ്, എം.പി .സൂപ്പി, സി.കെ. നാസർ, ഹൈടെക്ക് എം.ഡി. ആയിഷ, സി.എച്ച്. നജ്മബീവി എന്നിവരുമുണ്ടായിരുന്നു.

ആയഞ്ചേരി : കടമേരി അറബിക് കോളേജ് മാനേജ്മെന്റ്‌ കമ്മിറ്റിയുടെ കീഴിലുള്ള കെട്ടിടത്തിൽ 100 കിടക്കകളോടെയുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ ആരംഭിക്കാൻ പഞ്ചായത്ത് പ്രസിഡൻറ് സൗമ്യ വലിയവീട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന മാനേജ്മെൻറ് കമ്മിറ്റി തീരുമാനിച്ചു.

സെൻററിലേക്കാവശ്യമായ കട്ടിൽ, കിടക്കകൾ, ബെഡ്ഷീറ്റുകൾ, പി.പി.ഇ. കിറ്റുകൾ, മാസ്കുകൾ മറ്റ് അവശ്യവസ്തുക്കൾ എന്നിവ സംഭാവനയായി സ്വീകരിക്കാനും സെൻറർ കേന്ദ്രീകരിച്ച് മോണിറ്ററിങ്‌ കമ്മിറ്റി രൂപവത്‌കരിക്കാനും തീരുമാനിച്ചു.

വൈസ് പ്രസിഡൻറ് നൊച്ചാട്ട് കുഞ്ഞബ്ദുള്ള, സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ റീനാ രാജൻ, ടി.വി. കുഞ്ഞിരാമൻ, പഞ്ചായത്ത് സെക്രട്ടറി എം.എം. വാസു, ഡോ. വിജിത്ത്, അസി. സെക്രട്ടറി അനീഷ്, അനീഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസ് എന്നിവർ പങ്കെടുത്തു.

വേളം : വേളത്ത് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്‌ സെന്റർ സജ്ജമായി. വേളം ഹയർസെക്കൻഡറി സ്കൂളിന്റെ പ്ലസ്ടു ബ്ലോക്കാണ് സെന്ററായി തിരഞ്ഞെടുത്തിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ അമ്പത് രോഗികളെ കിടത്തി ചികത്സിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത് .

നിലവിൽ വേളത്ത് കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും കൂളിക്കുന്ന് വാർഡിലെ ചോയിമഠത്ത് നടന്ന വിവാഹത്തിൽ പങ്കെടുത്ത പുറമേരി സ്വദേശികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ എഴുപതിലധികം ആളുകൾ ക്വാറൻറീനിൽ കഴിയുകയാണ്. ക്വാറൻറീനിൽ കഴിയുന്നവർക്കുള്ള ആന്റീജൻ ടെസ്റ്റ് ബുധനാഴ്ച നടക്കും. ടെസ്റ്റിൽ പോസിറ്റീവ് ആകുന്നവരെ ട്രീറ്റ്മെൻറ് സെൻററിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്.

നിലവിൽ കണ്ടെയ്ൻമെന്റ്‌ സോണായി തുടരുന്ന കൂളിക്കുന്നിൽ കർശനനിയന്ത്രണങ്ങൾ തുടരുകയാണ്.

പുളിയാവ് നാഷണൽ കോളേജ് ഏറ്റെടുത്തു

പാറക്കടവ് : കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ആവശ്യമായ ചികിത്സ ആരംഭിക്കുന്നതിന്റെ ഭാഗമായി പുളിയാവ് നാഷണൽ കോളേജ് ചെക്യാട് ഗ്രാമപ്പഞ്ചായത്ത് ഏറ്റെടുത്തു. കോളേജിൽ 50 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. പുരുഷ വാർഡ്, സ്ത്രീവാർഡ്, പ്രാർഥനഹാൾ, ഡൈനിങ്‌ ഹാൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കിടക്കകളും അനുബന്ധ ഉപകരണങ്ങളും ലഭ്യമാകുന്ന മുറയ്ക്ക് സെന്റർ പ്രവർത്തനമാരംഭിക്കും.