നാദാപുരം : ഓൺലൈൻ ക്ലാസ് ആരംഭിച്ച് ഒന്നര മാസം കഴിഞ്ഞിട്ടും ശ്രവണ, സംസാര, കാഴ്ച വെല്ലുവിളി നേരിടുന്ന കുട്ടികളെ പരിഗണിക്കുന്നില്ലെന്ന് പരാതി. ഓൺലൈൻ ക്ലാസ് ആംഭിച്ചദിവസം മുതൽ ഇവരെ പരിഗണിക്കാൻ പല കോണിൽനിന്നും ആവശ്യമുയർന്നിരുന്നു.എന്നാൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക ക്ലാസ് ആരംഭിക്കുമെന്നായിരുന്നു അന്ന് അധികൃതർ വിശദീകരിച്ചത്.

പക്ഷേ ക്ലാസൊന്നും ലഭിക്കാതെ പ്രയാസപ്പെടുകയാണ് ഈ കുട്ടികൾ. ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ സ്പെഷ്യൽ സ്കൂളുകളുകളിലും സംയോജിത വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സർക്കാർ-എയിഡഡ് സ്കൂളുകളിലും പഠിക്കുന്നുണ്ട്. ഇത്തരം കുട്ടികളെ മാത്രം പഠിപ്പിക്കുന്ന വിദ്യാലയങ്ങളും കേരളത്തിൽ ഒട്ടേറേയുണ്ട്. ഈ വിദ്യാർഥികൾക്ക് ഭാഷാ പരിമിതിയാണ് തടസ്സം. നിലവിൽ തുടരുന്ന ഓൺ ലൈൻ ക്ലാസുകളിൽനിന്ന് ആശയ രൂപവത്കരണം, ഭാഷാ വിനിമയം ,ഭാഷാ വിവർത്തനം എന്നിവ ഇവർക്ക് ലഭിക്കുന്നില്ല. ആംഗ്യ ഭാഷയിലൂടെയും നേരിട്ട് ക്ലാസെടുത്തുമാണ് ആശയ വിനിമയം നടത്തുന്നത്.

ഇപ്പോൾ തുടരുന്ന ഓൺലൈൻ ക്ലാസുകളിൽ ആംഗ്യഭാഷ ഉപയോഗിക്കുന്നില്ല. ഇതിനാൽ ടി.വി. ക്ക് മുമ്പിലിരിക്കുകയല്ലാതെ ഇത്തരം കുട്ടികൾക്ക് ഒരു ഗുണവും ലഭിക്കുന്നില്ല. ഇത് ഉൾക്കൊള്ളാനും അവർക്ക് കഴിയുന്നില്ല.

ഒന്നും മനസ്സിലാകാത്തതിനെത്തുടർന്ന് കടുത്ത നിരാശയിലാണ് വിദ്യാർഥികൾ.