നാദാപുരം : തൂണേരി ഭാഗത്ത് നൂറിലധികംപേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രോഗവ്യാപനത്തെച്ചൊല്ലി രാഷ്ട്രീയപ്പോര്.

മുസ്‌ലിംലീഗും സി.പി.എമ്മും തമ്മിലാണ് പ്രധാനമായും പോരു മുറുകുന്നത്. ലീഗ് നേതാക്കളുടെ പേരിൽ കേസെടുത്തതിൽ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗും ലീഗ് നേതാക്കളും രംഗത്തെത്തി. നേരത്തേ തൂണേരിയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച മത്സ്യ മൊത്തവ്യാപാരിയുടെ പേരിൽ കേസെടുക്കാത്തതും ഇതിനിടയിൽ വിവാദമായിട്ടുണ്ട്.

മാനദണ്ഡങ്ങൾ ലംഘിച്ച് ലീഗ് യോഗം ചേർന്നതാണ് പ്രദേശത്ത് കോവിഡ് രോഗവ്യാപനത്തിനിടയാക്കിതെന്നാണ് സി.പി.എം. കേന്ദ്രങ്ങൾ വിശദീകരിക്കുന്നത്. അതിനുപിന്നാലെ നാദാപുരം പോലീസ് കേസെടുത്തു.

ജൂലായ് അഞ്ചിന് പേരോടാണ് ലീഗ് നേതൃയോഗം നടന്നത്. യോഗത്തിൽ പങ്കെടുത്ത തൂണേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സി. തങ്ങൾ, മുൻപ്രസിഡൻറ് വളപ്പിൽ കുഞ്ഞമ്മദ് എന്നിവരടക്കം 30 ഓളം ആളുകളുടെ പേരിലാണ്‌ നാദാപുരം പോലീസ് കേസെടുത്തത്. എന്നാൽ, ആറിന് തൂണേരി ഗ്രാമപ്പഞ്ചായത്തിലെ പേരോട്ട് തട്ടാറത്ത് ജയൻ അനുസ്മരണം നടത്തിയ സി.പി.എമ്മിന്റെ പേരിൽ കേസെടുക്കാത്തതിനുപിന്നിൽ പോലീസിന്റെ പക്ഷപാതപരമായ നിലപാടാണെന്ന് ലീഗ് ആരോപിക്കുന്നു.

തൂണേരി ബ്ലോക്ക് പ്രസിഡന്റ്‌ സി.എച്ച്. ബാലകൃഷ്ണൻ, സി.എച്ച്.മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് വിവിധ പരിപാടികൾ നടത്തിയെന്നാണ് ലീഗ് നേതൃത്വത്തിന്റെ ആരോപണം.

ഇക്കാര്യം വിശദമാക്കിക്കൊണ്ട് സി.പി.എമ്മിന്റെ വിവിധ സാമൂഹികമാധ്യമഗ്രൂപ്പുകളിൽ പ്രചരിച്ച ഫോട്ടോസഹിതം യൂത്ത് ലീഗ് തൂണേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എൻ.ടി.കെ. ഹമീദ്, ജനറൽ സെക്രട്ടറി മുഹമ്മദ് പേരോട് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ കളക്ടർ, റൂറൽ എസ്.പി. എന്നിവർക്ക് പരാതിനൽകി. കോവിഡ് ഭീതിയിലും മാസങ്ങളോളം ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചവർക്ക് അസുഖം വന്നപ്പോൾ അവരെ സാന്ത്വനിപ്പിക്കുന്നതിനുപകരം കുറ്റപ്പെടുത്തുന്നത് മനുഷ്യത്വരഹിതമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി.വി. മുഹമ്മദലി പറഞ്ഞു.

തൂണേരിയിലെ കോവിഡ് വ്യാപനത്തിന്റെ പേരിൽ ലീഗിനെ കുറ്റക്കാരാക്കാനുള്ള ശ്രമം ചെറുത്തുതോൽപ്പിക്കുമെന്നും കോവിഡ് മാനദണ്ഡങ്ങൾ തെറ്റിച്ച്‌ പേരോടുനടന്ന സി.പി.എം. പരിപാടിക്കെതിരേ നടപടിയെടുക്കാത്ത പോലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നതെന്നും മുസ്‌ലിംലീഗ് നിയോജകമണ്ഡലം പ്രസിഡന്റ്‌ സൂപ്പി നരിക്കാട്ടേരി ആരോപിച്ചു.

എന്നാൽ, കോവിഡ് മാനദണ്ഡങ്ങൾ ആരുലംഘിച്ചാലും കേസെടുക്കുമെന്നും പേരോട്ടെ സി.പി.എം. പരിപാടിയെക്കുറിച്ച് അന്വേഷിക്കുന്നതായും പോലീസ് കേന്ദ്രങ്ങൾ അറിയിച്ചു.