നാദാപുരം : കൂടുതൽ പേർക്ക് കോവിഡ് പടർന്ന തൂണേരിയിൽ ആരോഗ്യവകുപ്പ് നടത്തിയ രണ്ടാംഘട്ട റാപ്പിഡ് ആന്റിജൻ പരിശോധനയിൽ 12 പേരുടെകൂടി ഫലം പോസിറ്റീവ്. ഇതോടെ നാദാപുരം മേഖലയിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റിൽ പോസിറ്റീവ് ആയവരുടെ എണ്ണം 110 ആയി.

രോഗികളുമായി സമ്പർക്കമുണ്ടായതായി കരുതുന്ന 323 പേരുടെ പരിശോധനയാണ് വെള്ളിയാഴ്ച നടത്തിയത്. ഇത് മൂന്നാം തവണയാണ് മേഖലയിൽ പരിശോധന നടത്തുന്നത്.

പോസിറ്റീവ് ആയവർ തൂണേരി, നാദാപുരം, പുറമേരി ഗ്രാമപ്പഞ്ചായത്തുകളിൽപ്പെട്ടവരാണ്. തൂണേരി, നാദാപുരം സ്വദേശികളായ കോവിഡ് ബാധിതരുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുമാണ്.

പോസിറ്റീവ് ആയവരെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. തൂണേരിയിൽ ആദ്യപരിശോധനയിൽ 50 പേർക്കും രണ്ടാമത് 43 പേരുടെയും പരിശോധനാഫലം പോസറ്റീവ് ആയതിന് പിറകെയാണ് വീണ്ടും ആന്റിജൻ പരിശോധന നടത്തിയത്.

തൂണേരിയിൽ രണ്ടുപേർക്ക് കോവിഡ് സ്വിരീകരിച്ചതിന്റെ പാശ്ചാത്തലത്തിലാണ് ആദ്യ പരിശോധന നടത്തിയത്. ഇവിടത്തെ സമ്പർക്കത്തിലൂടെ വാണിമേൽ സ്വദേശിക്ക് കോവിഡ് പിടിപെട്ടതോടെ വ്യാഴാഴ്ച വാണിമേലിൽ നടത്തിയ പരിശോധനയിൽ അഞ്ചുപേരുടെ പരിശോധനാഫലം പോസറ്റീവായി കണ്ടെത്തിയിരുന്നു. ഇതിൽ ഒരാൾ കുന്നുമ്മൽ സ്വദേശിയാണ്.