നാദാപുരം : മേഖലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിനുള്ള നടപടികൾ ഊർജിതമാക്കി.

അടുത്ത രണ്ടുദിവസങ്ങളിലായി നടത്തുന്ന റാപ്പിഡ് ആന്റിജൻ ടെസ്റ്റിന്റെ ഫലംവരുന്നതോടെ അന്തിമ തീരുമാനമെടുക്കാനാണ് ജില്ലാഭരണകൂടത്തിന്റെ ആലോചന.

നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ടി. പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ. സതീഷ്ബാബു എന്നിവരുടെ നേതൃത്വത്തിലാണ് സെന്ററിനായി പരിശോധന നടത്തിയത്. വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സൗകര്യങ്ങൾ വിശദമാക്കിയുളള റിപ്പോർട്ട് കളക്ടർക്ക് നൽകി. നാദാപുരം ബി.എഡ്. ട്രെയിനിങ് സെന്റർ, കല്ലാച്ചിയിലെ എം.ഇ.ടി.സ്കൂൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ബി.എഡ്. സെന്ററിൽ 75 കിടക്കകളും എം.ഇ.ടി. സ്കൂളിൽ 100 കിടക്കകളും സജ്ജീകരിക്കാൻ സാധിക്കും. 50 മുതൽ 100 വരെ കിടക്കകൾ സ്ഥാപിക്കാനുളള സൗകര്യംവേണമെന്നാണ് ജില്ലാഭരണകൂടത്തിന്റെ നിർദേശം.

രണ്ടുസ്ഥാപനങ്ങൾ പരിശോധിച്ചതിൽ കല്ലാച്ചി എം.ഇ.ടി.സ്കൂളിന്റെ കാര്യത്തിൽ പൂർണ സംതൃപ്തിയാണ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത്. സമീപത്തുതന്നെ എം.ഇ.ടി. കോളേജുണ്ടെന്നതും കൂടുതൽ അനുഗ്രഹമാണ്. വേണ്ടിവന്നതാൽ അവിടെയും പ്രാഥമിക ചികിത്സയ്ക്കുളള നടപടികൾ സ്വീകരിക്കാൻ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതുകൊണ്ട് നാദാപുരത്ത് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ സ്ഥാപിക്കണമെന്നും ഇത് രോഗികൾക്ക് ഏറെ ഗുണകരമായിരിക്കുമെന്നും നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറയും വൈസ് പ്രസിഡന്റ് സി.വി. കുഞ്ഞിക്കൃഷ്ണനും അറിയിച്ചു.

അതിനിടെ, കോവിഡ് രോഗികളുടെ വീടുകൾ അണുനശീകരണം നടത്തുന്നതിന് കൂടുതൽ സുരക്ഷാഉപകരണങ്ങൾ നാദാപുരത്തെത്തി. മാസ്‌ക്, ഷീൽഡ്, ഗ്ലൗസ്, സർജിക്കൽ മാസ്‌ക്, ഫൈസ് ഷീൽഡ്, അണുനാശിനി തുടങ്ങിയ സാധനങ്ങളാണ് എത്തിയത്. നിലവിൽ മേഖലയിലെ കോവിഡ്‌രോഗികൾ കുന്ദമംഗലത്താണുളളത്. അവർ തിരിച്ചെത്തുന്നതിനുമുമ്പ് വീടുകൾ അണുമുക്തമാക്കാനാണ് പദ്ധതി. സന്നദ്ധപ്രവർത്തകരുടെയും ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിലാണ് അണുനശീകരണം നടത്തുന്നത്.