നാദാപുരം : കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് നാദാപുരം പോലീസ് മൂന്നുകേസെടുത്തു. വിലക്കുലംഘിച്ച് ഗൃഹപ്രവേശം നടത്തിയതിന് വീട്ടുടമയുടെപേരിലും യോഗം ചേർന്നതിന് തൂണേരിയിലെ ലീഗുകാരുടെ പേരിലുമാണ് കേസെടുത്തത്. ഗൃഹപ്രവേശം നടത്തിയതിന് നാദാപുരം പുതിയോട്ടിൽ താഴെക്കുനി ഹുസൈന്റെ(29) പേരിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞയാഴ്ച മാനദണ്ഡങ്ങൾ ലംഘിച്ച് 40-ഓളം പേരെ ഗൃഹപ്രവേശച്ചടങ്ങിലേക്ക് ക്ഷണിച്ച് രോഗവ്യാപനത്തിനിടയാക്കി എന്നാണ് പരാതി.

അഞ്ചിന് തൂണേരിയിൽ ചേർന്ന ലീഗ് പ്രവർത്തകസമിതി യോഗത്തിനെതിരേയാണ് മറ്റൊരു കേസെടുത്തത്. രാവിലെ തുടങ്ങിയ ലീഗ് യോഗം രാത്രിവരെ നീണ്ടതായി പോലീസ് പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് 30-ഓളം പേരെ പ്രതിചേർത്താണ് പോലീസ് കേസെടുത്തത്. യോഗത്തിൽ പങ്കെടുത്ത ചില നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് കോവിഡ് പിടിപെട്ട് ചികിത്സയിലാണ്. തൂണേരിയിൽ മരണവീട്ടിൽ ആളുകൾ എത്തിയതിനെത്തുടർന്ന് ഒട്ടേറെ പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അനാവശ്യമായി റോഡിലിറങ്ങിയ ജീപ്പ് ഉടമയ്ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ച വാണിമേൽ ഗ്രാമപ്പഞ്ചായത്തിലെ മുഴുവൻ പാലങ്ങളും പോലീസ് അടച്ചു. വാണിമേൽ കേളോത്തുതാഴെ പാലം, മുടിക്കൽ പാലം, കണ്ണോത്തുതാഴെ പാലം, ഉരുട്ടിപ്പാലം, വിലങ്ങാട് പാലം എന്നിവ പൂർണമായും അടച്ചു. നാദാപുരം, തൂണേരി ഗ്രാമപ്പഞ്ചായത്തുകളിൽ ട്രിപ്പിൽ ലോക് ഡൗൺ ഏർപ്പെടുത്തിയതോടെ വാഹനങ്ങൾ കേളോത്തുതാഴെ പാലം, കണ്ണോത്തുതാഴെ പാലം ഭാഗത്തുകൂടിയാണ് സഞ്ചരിക്കുന്നത്. ഇതേത്തുടർന്ന് പോലീസ് വ്യാഴാഴ്ച രാവിലെ എത്തിയാണ് റോഡ് അടച്ചത്.