നാദാപുരം : വെള്ളിയോട് മത്സ്യ വിതരണക്കാരന് കോവിഡ് സ്ഥിരീകരിക്കുകയും ചേലമുക്കിലും വിലങ്ങാട് മലയോരത്തും രോഗബാധ സംശയിക്കുകയും ചെയ്തതിനെത്തുടർന്ന് വാണിമേൽ, നാദാപുരം ഗ്രാമപ്പഞ്ചായത്തുകളിൽ പ്രതിരോധ നടപടികൾ ശക്തമാക്കി.

നാദാപുരം, തൂണേരി ഗ്രാമപ്പഞ്ചായത്തുകളിലെ കോവിഡ് രോഗികളുമായി വാണിമേൽ ഗ്രാമപ്പഞ്ചായത്തിലെ ചില പ്രദേശങ്ങളിലുള്ളവർക്ക് സമ്പർക്കമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പും ഗ്രാമപ്പഞ്ചായത്തും നടപടികൾ കർശനമാക്കാൻ തീരുമാനിച്ചത്. ഗ്രാമപ്പഞ്ചായത്തിലെ കടകൾ രാവിലെ 8 മണി മുതൽ 5 മണി വരെ മാത്രം പ്രവർത്തിക്കും. ഓട്ടോ ടാക്സി സർവീസുകൾ നിർത്തിവെച്ചു. മത്സ്യ, മാംസ വിൽപ്പന നിർത്തിവെക്കാനും ഉത്തരവിട്ടിട്ടുണ്ട്.

വിലങ്ങാട് മലയോരത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വിവിധ കോളനികളിലേക്കുള്ള സന്ദർശനവും പൂർണമായും വിലക്കിയിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിൽ ചേർന്ന കോവിഡ് വിലയിരുത്തൽ സമിതി യോഗത്തിൽ പ്രസിഡന്റ് ഒ.സി. ജയൻ അധ്യക്ഷനായി. എം.കെ. മജീദ്, അഷ്‌റഫ് കൊറ്റാല, കെ.പി. രാജീവൻ, എൻ.പി. വാസു, രാജു അലക്സ്, കെ.ടി. ബാബു, സി.കെ. ജലീൽ, കെ.വി. ജലീൽ, ഡോ. ഡിപിൻരാജ്, എസ്.ഐ.ആർസി. ബിജു, സെക്രട്ടറി സബിത, ഹെൽത്ത് ഇൻസ്പെക്ടർ ശശികുമാർ എന്നിവർ സംസാരിച്ചു. നാദാപുരം ഗ്രാമപ്പഞ്ചായത്തിൽ കടകൾ രാവിലെ മുതൽ 2 മണി വരെ മാത്രം തുറക്കും. ആരാധനാലയങ്ങളിൽ കൂട്ടമായുള്ള പ്രാർഥനകൾ താത്‌കാലികമായി നിർത്തിവെക്കണം. വളരെ അടിയന്തരമായ ഘട്ടത്തിൽ അല്ലാതെ ആളുകൾ പുറത്തിറങ്ങരുതെന്നും അത്യാവശ്യമായ കാര്യങ്ങൾക്ക് വാർഡ് ആർ.ആർ.ടി. മാരെ ബന്ധപ്പെടണമെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.