നാദാപുരം : മേഖലയിൽ കോവിഡ് രോഗികളുടെ എണ്ണം 93 ആയത് ആരോഗ്യവകുപ്പിനെ കുഴക്കുന്നു. ഇവരുടെ സമ്പർക്കപ്പട്ടിക എങ്ങനെ തയ്യാറാക്കുമെന്നതിനെക്കുറിച്ച് ഏറെ ക്ലേശം അനുഭവിക്കുകയാണ് ആരോഗ്യവകുപ്പ്. രണ്ടുപേരിൽനിന്ന് തുടങ്ങിയ രോഗപ്പകർച്ച നൂറിലേക്ക് കടക്കുകയാണ്. ഇവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ കടമ്പകൾ ഏറെയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. 93 പേരുടെ സമ്പർക്കപ്പട്ടികയിൽ ആയിരത്തിലേറേപ്പേർ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരെ മുഴുവനായും കണ്ടെത്തി ക്വാറന്റീനിൽ പ്രവേശിപ്പിക്കാൻ ജില്ലയിലെ ആരോഗ്യസംവിധാനം വിപുലമായ പ്രവർത്തനമാണ് നടത്തുന്നത്.

വാണിമേൽ ഗ്രാമപ്പഞ്ചായത്തിലെ വെള്ളിയോട് സ്വദേശിയായ മത്സ്യവിതരണക്കാരന് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചതോടെ ഗ്രാമപ്പഞ്ചായത്തിലെ വിവിധ ഭാഗങ്ങൾ ആശങ്കയിലാണ്. പ്രദേശത്തെ ഒട്ടേറെപ്പേരുമായി മത്സ്യവിതരണക്കാരന് സമ്പർക്കമുണ്ടായിട്ടുണ്ട്. തൂണേരി ഭാഗങ്ങളിൽ നേരത്തേ ഇദ്ദേഹം മത്സ്യവിതരണം നടത്തിയിരുന്നു. അതുവഴിയാണ് കോവിഡ് രോഗം റിപ്പോർട്ട് ചെയ്തതെന്നാണ് കരുതുന്നത്.

തൂണേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ തസ്തിക മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയായിരുന്നു, എടച്ചേരി ഹെൽത്ത് ഇൻസ്പെക്ടർക്കായിരുന്നു അധികചുമതല. തൂണേരിയിൽ കോവിഡ് പടർന്നതോടെ കഴിഞ്ഞ ദിവസം വളയം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടറെ തൂണേരിയിലേക്ക് സ്ഥലംമാറ്റുകയായിരുന്നു. മേഖലയിലെ പ്രധാന ആശുപത്രിയിലെ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതോടെ കടുത്ത പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്.

വാണിമേൽ വെള്ളിയോട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇയാളുമായി സമ്പർക്കത്തിലായവർക്കും പരിശോധന നടത്തും.