നാദാപുരം : ഉറവിടമറിയാത്ത കോവിഡ് കേസുകൾ പെരുകുന്ന സാഹചര്യത്തിൽ നാദാപുരം, തൂണേരി ഗ്രാമപ്പഞ്ചായത്തുകളിലെ അതിർത്തികൾ പൂർണമായും അടച്ചു. കോവിഡ് ടെസ്റ്റ് കഴിഞ്ഞവർ രണ്ടാഴ്ച നിർബന്ധമായും ക്വാറന്റീനിൽ കഴിയണമെന്ന് ഡോക്ടർമാർ അറിയിച്ചു. റാപ്പിഡ് ആന്റിജൻ ബോഡിടെസ്റ്റിലെ ഫലം നെഗറ്റീവായാലും പുറത്തിറങ്ങരുതെന്നും ഡോക്ടർമാർ വിശദീകരിക്കുന്നു.

ഇരുപഞ്ചായത്തുകളുടെയും അതിർത്തികളായ ചേലക്കാട്, ഇരിങ്ങണ്ണൂർ, കായപ്പനിച്ചി, പുറമേരി, കക്കംവള്ളി, വിഷ്ണുമംഗലം, വാണിമേൽ പാലം എന്നീ സ്ഥലങ്ങൾ ഇതിനകം പൂർണമായും അടച്ചു. പോക്കറ്റ് റോഡുകൾ വഴി പ്രവേശനവും പോലീസ് തടഞ്ഞു. നാദാപുരം എ.എസ്.പി. അങ്കിത് അശോക്, സി.ഐ. എൻ. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് പട്രോളിങ്ങും നടത്തുന്നുണ്ട്. പ്രധാനപ്പെട്ട ഏഴ് സ്ഥലങ്ങളിൽ പോലീസ് പിക്കറ്റ് പോസ്റ്റുകൾ ഏർപ്പെടുത്തി. മൂന്ന് മൊബൈൽ പട്രോളിങ്‌ സംഘവുമുണ്ട്. സമീപപഞ്ചായത്തുകളിൽ ട്രിപ്പിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വാണിമേൽ ഗ്രാമപ്പഞ്ചായത്തിൽ ഇറച്ചി, മത്സ്യ വിൽപ്പനയ്ക്ക് ഗ്രാമപ്പഞ്ചായത്ത് വിലക്കേർപ്പെടുത്തി. എടച്ചേരി ഗ്രാമപ്പഞ്ചായത്തിലെ കടകൾ രാവിലെ 8 മണി മുതൽ 5 മണി വരെ മാത്രം തുറന്നുപ്രവർത്തിക്കും.

നാദാപുരത്ത് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ പരിഗണനയിൽ

നാദാപുരം : കൂടുതൽ പേർക്ക് കോവിഡ് രോഗത്തിന്റെ സൂചന ലഭിച്ചതോടെ നാദാപുരത്ത് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ സ്ഥാപിക്കുന്നത് ആലോചിക്കുന്നു. ഇത് സംബന്ധിച്ചുള്ള നിർദേശം ജില്ലാഭരണകൂടം ഗ്രാമപ്പഞ്ചായത്തിന് നൽകി. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ടി. പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ്ബാബു എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയത്. 100 കിടക്ക വേണമെന്നാണ് ജില്ലാഭരണകൂടം നിർദേശിച്ചത്. 75 കിടക്കകൾ സ്ഥാപിക്കാൻ കഴിയുമെങ്കിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് നാദാപുരത്ത് സ്ഥാപിക്കാനാണ് പദ്ധതി. അനുയോജ്യമായ സ്ഥലമായി ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത് നാദാപുരം ബി.എഡ്. സെന്ററിനെയാണ്. ബുധനാഴ്ച നാദാപുരം എം.ഇ.ടി. കോളേജും പരിശോധിക്കുന്നുണ്ട്.

ആരോഗ്യവകുപ്പിന്റെ നിർദേശം അവഗണിച്ചത് വിനയായി

നാദാപുരം : ഒട്ടേറെപ്പേർക്ക് കോവിഡ് ബാധിക്കാനിടയാക്കിയത് ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അവഗണിച്ചതിന്റെ ഫലം. തൂണേരി ഗ്രാമപ്പഞ്ചായത്തിലെ പേരോട് രണ്ട് മരണവീടുകളിൽ ഒട്ടേറെപ്പേരാണ് എത്തിയത്. തൂണേരി ഗ്രാമപ്പഞ്ചായത്തിൽ കൂടുതൽ പേർക്ക് കോവിഡ് പിടിപെടാനിടയാക്കിയത് മരണവീട്ടിൽ ആളുകൾ കൂടുതൽ എത്തിയതിനെത്തുടർന്നാണ്.

പേരോട് കോവിഡ് രോഗം സ്ഥിരീകരിച്ച സ്ത്രീക്ക്‌ പെരിങ്ങത്തൂരിലെ മരണവീട്ടിലെ സന്ദർശനമാണ് വിനയായത്. നാദാപുരത്തെ വ്യാപാരിക്ക് കോവിഡ് ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പിന് സാധിച്ചില്ല. എന്നാൽ, വ്യാപാരിയുടെ ഗൃഹപ്രവേശ ചടങ്ങിൽ കൂടുതൽ പേർ എത്തിയിട്ടുണ്ട്. കണ്ടെയ്‌മെന്റ് സോണാക്കിയതിനെത്തുടർന്ന് ഗൃഹപ്രവേശം ലഘൂകരിച്ചതായാണ് ആരോഗ്യവകുപ്പിന് ലഭിച്ച വിവരം. എന്നാൽ, രാവിലെമുതൽ രാത്രിവരെ വീട്ടിലേക്ക് ആളുകൾ എത്തിയതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.