നാദാപുരം : രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും രണ്ടുപേർക്ക് രോഗം സംശയിക്കുകയും ചെയ്തതോടെ കണ്ടെയ്‌ൻമെന്റ്‌ സോണാക്കി പ്രഖ്യാപിച്ച നാദാപുരം, തൂണേരി ഗ്രാമപ്പഞ്ചായത്തുകളിൽ പോലീസ് പരിശോധന കർശനമാക്കി. രണ്ട് ഗ്രാമപ്പഞ്ചായത്ത് അതിർത്തികളും പോലീസ് അടച്ചു.

ആളുകൾ അത്യാവശ്യകാര്യത്തിന് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ. സോണിലുള്ളവർ മറ്റ് സ്ഥലങ്ങളിലേക്ക് പ്രവേശിക്കരുതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ചേലക്കാട്, തൂണേരി, കക്കംവള്ളി തുടങ്ങിയ ഭാഗങ്ങളിലെ റോഡിൽ ബാരിക്കേഡ് കെട്ടി പോലീസ് കർശന പരിശോധന ആരംഭിച്ചു. ടൗണുകളിൽ അനാവശ്യമായി വാഹനങ്ങളിൽ എത്തിയവരെയും പോലീസ് കസ്റ്റഡിയിലെടുക്കുന്നുണ്ട്.ടൗണുകളിലും കവലകളിലും അഞ്ച് പേരിൽ കൂടുതൽ ആളുകൾ തടിച്ചുകൂടിയാൽ നടപടി എടുക്കാനാണ് പോലീസിന് ലഭിച്ച നിർദേശം.

കണ്ടെയ്‌ൻമെന്റ്‌ സോണിൽ സ്പോർട്‌സ് അടക്കമുള്ള പ്രവർത്തനങ്ങൾക്ക് വിലക്കുണ്ടെന്നും നിയമം ലംഘിക്കുന്നവർക്കെതിരേ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും സി.ഐ. എൻ. സുനിൽകുമാർ അറിയിച്ചു.

കോവിഡ് സ്ഥിരീകരിച്ചരുടെയും സംശയിക്കുന്ന രണ്ടുപേരുടെയും രോഗ ഉറവിടം വ്യക്തമായിട്ടില്ല. ഇവരുടെ സമ്പർക്കപട്ടിക 600-ഓളം വരുമെന്നാണ് ആരോഗ്യവകുപ്പിന് ലഭിച്ച പ്രാഥമിക വിവരം.

രോഗം സംശയിക്കുന്ന ഇയ്യങ്കോട് സ്വദേശിയെ പരിശോധിച്ച കല്ലാച്ചി ഭാഗത്തെ രണ്ട് ഡോക്ടർമാരോട് ക്വാറന്റീനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇയാൾക്ക് നാദാപുരം, വാണിമേൽ, വളയം, പുറമേരി എന്നീ ഗ്രാമപ്പഞ്ചായത്തുകളിലുള്ളവരുമായാണ് ഏറെ സമ്പർക്കമുള്ളത്. ഇയാളുടെ ഭാര്യക്കും കോവിഡ് സംശയിക്കുന്നുണ്ട്.

സ്ഥിതിഗതികൾ വിലയിരുത്താൻ നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ എം.കെ. സഫീറയുടെ അധ്യക്ഷതയിൽ സർവകക്ഷിയുടെയും ആർ.ആർ.ടി.മാരുടെയും യോഗം നാദാപുരം ഗ്രാമപ്പഞ്ചായത്തിൽ ചേർന്നു. യോഗത്തിൽ നാദാപുരം ഗവ. ആശുപത്രി സൂപ്രണ്ട് ഡോ. ജമീല അടക്കമുള്ളവർ പങ്കെടുത്തു. തിങ്കളാഴ്ച ഇ.കെ. വിജയൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ചുചേർക്കാൻ ധാരണയായിട്ടുണ്ട്.