നാദാപുരം : എടച്ചേരി തോട്ടിൽ നാട്ടിയ വൈദ്യുതതൂൺ അപകട നിലയിൽ. തെക്കേ പൊന്നാറത്ത് തോട്ടിൽ നാട്ടിയ വൈദ്യുത തൂണാണ് ഏറെ അപകടഭീതി ഉയർത്തുന്നത്.

മാസങ്ങൾക്കുമുമ്പ് കനത്തമഴയിലും കാറ്റിലും സമീപത്തെ തെങ്ങ് കടപുഴകി ലൈനിൽപതിച്ചിരുന്നു. ഇതോടെ തോട്ടിൽ നാട്ടിയ തൂൺ താഴെ വീഴാൻപാകത്തിൽ വൈദ്യുതകമ്പിയുടെ താങ്ങിൽ നിൽക്കുകയായിരുന്നു. പരിസരവാസികൾ ഇലക്‌ട്രിസിറ്റി ഓഫീസിൽ വിവരം കൈമാറിയിരുന്നു. സ്ഥലത്തെത്തിയ ജീവനക്കാർ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് താത്കാലികമായി കെട്ടി വൈദ്യുതതൂൺ നിവർത്തുകയായിരുന്നു. മാസങ്ങൾകഴിഞ്ഞിട്ടും താൽകാലിക സംവിധാനത്തിൽ കെട്ടിയതൂൺ ഇതുവരെ ശരിയാക്കിയിട്ടില്ല.

കനത്ത് പെയ്യുന്ന മഴയും ശക്തമായ ഒഴുക്കുമുള്ള തോട്ടിലെ തൂണാണ് അപകടഭീതി ഉയർത്തുന്നത്. തോട്ടിൽ നാട്ടിയ വൈദ്യുത തൂൺ ചെരിഞ്ഞ് ലൈൻ വെള്ളത്തിൽ തട്ടി ഷോക്കേറ്റ് ഒരു സ്കൂൾ വിദ്യാർഥിയും രക്ഷിക്കാൻശ്രമിച്ച യുവാവും എടച്ചേരിയുടെ സമീപ പ്രദേശമായ അഴിയൂരിൽ ആഴ്ചകൾക്ക്‌ മുമ്പ് മരിച്ചിരുന്നു.