നാദാപുരം : രണ്ട് ദിവസമായി വാണിമേൽ മലയോരത്തെ കമ്പിളിപ്പാറയിൽനിന്ന്‌ കാണാതായ ആളെ വ്യാപക തിരച്ചിലിനിടയിൽ ആളൊഴിഞ്ഞപറമ്പിൽ കണ്ടെത്തി. കമ്പിളിപ്പാറ കരുവങ്കണ്ടി കുമാരനെ(60)വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കണ്ടെത്തിയത്.

വാളംതോട് കാവിൽറോഡിലെ പറമ്പിൽ ഏറെ അവശനിലയിലായ കുമാരനെ അതുവഴിപോയ ആദിവാസി സ്ത്രീകളാണ് കണ്ടത്. അവർ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. അവശനിലയിലായ കുമാരനെ നാദാപുരം ഗവ. ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അവിടെ നിന്ന്‌ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ബുധനാഴ്ച വൈകുന്നേരം ആറര മണിയോടെയാണ് കുമാരനെ കാണാതാവുന്നത്. വീട്ടിൽനിന്ന്‌ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞായിരുന്നു കുമാരൻ പുറത്തേക്ക് ഇറങ്ങിയത്. വീട്ടിൽനിന്ന്‌ മൂന്നര കിലോമീറ്റർ അകലെയുള്ള ചേലേക്കാവ് ക്ഷേത്രത്തിന് സമീപത്തെ ആളോഴിഞ്ഞ പറമ്പിലാണ് കുമാരനെ കണ്ടെത്തിയത്. രാത്രിയിൽ സമീപത്തെ ഷെഡിൽ കിടന്നുറങ്ങിയെന്നാണ് കുമാരൻ നാട്ടുകാരോട് പറഞ്ഞത്. ശരീരത്തിൽ സോഡിയത്തിന്റെ കുറവുള്ളതിനാൽ കുമാരൻ പറയുന്നകാര്യങ്ങൾ വ്യക്തമല്ലെന്ന് ഡോക്ടർമാർ പറഞ്ഞു.

വളയം സി.ഐ. ധനഞ്ജയന്റെ നേതൃത്വത്തിൽ പോലീസും ചേലക്കാടുനിന്നുള്ള ഫയർഫോഴ്‌സ് സംഘവും ദുരന്തനിവാരണ സേനയും നാട്ടുകാരും ഏറെ ശ്രമഫലമായാണ് കുമാരന് വേണ്ടിയുള്ള രണ്ടുദിവസത്തെ തിരച്ചിൽ നടത്തിയത്. കുമാരനെ കണ്ടെത്തിയതോടെ ഇതിനുവേണ്ടി പ്രവർത്തിച്ചവർക്ക് നിറഞ്ഞ കൈയടിയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.