നാദാപുരം : വിലങ്ങാട് മലയോരത്തെ കമ്പിളിപ്പാറയിലെ വീട്ടിൽനിന്ന് കാണാതായ 58-കാരനെ വ്യാഴാഴ്ച വൈകുന്നേരവും കണ്ടെത്താൻ സാധിച്ചില്ല.

നാട്ടുകാരും ഫയർഫോഴ്‌സ് സംഘവും വിവിധ ഭാഗങ്ങളിലാണ് വ്യാപക തിരച്ചിൽ നടത്തിയത്. കമ്പിളിപ്പാറ സ്വദേശി കരുവാങ്കണ്ടി കുമാരനെയാണ് ബുധനാഴ്ച വൈകുന്നേരം ആറരമണിയോടെ കാണാതായത്.

വീട്ടിനടുത്ത തോട് കടന്ന് അയൽവീട്ടിലേക്ക് പോയത് കണ്ടവരുണ്ട്. രാത്രിയിൽ ബന്ധുക്കളും നാട്ടുകാരും വിവിധ ഭാഗങ്ങളിൽ തിരച്ചിൽനടത്തി. തുടർന്ന് വ്യാഴാഴ്ച രാവിലെമുതൽ ചേലക്കാടുനിന്ന് എത്തിയ അഗ്നിശമനസേന സ്റ്റേഷൻ ഓഫീസർ ബാസിത്തിന്റെ നേതൃത്വത്തിൽ തോടുകളും പരിസരത്തും പരിശോധന നടത്തിയെങ്കിലും കണ്ടത്താൻ കഴിഞ്ഞില്ല.

വൈകുന്നേരത്തോടെ തിരച്ചിൽ നിർത്തിവെക്കുകയിരുന്നു. വൈകുന്നേരം ആറുമണിയോടെ കോടിയൂറ ഭാഗത്തെ പുഴയിൽ മൃതദേഹം ഒഴുകുന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സംഘം അവിടെയും തിരച്ചിൽ നടത്തി.

പാക്കോയി പുഴയിൽ മൃതദേഹം ഒഴുകുന്നതായും അത് കുമാരന്റേതാണെന്നുമുള്ള പ്രാചരണം സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചത് പോലീസിനും ഫയർഫോഴ്‌സിനും തലവേദനായി.

ഇത്തരം സമയങ്ങളിൽ തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.