നാദാപുരം : ആവോലം റോഡരികിൽ ഗ്യാസ് സിലിൻഡറുകൾ നിറച്ച വാഹനങ്ങൾ നിർത്തുന്നുവെന്ന പരാതിയിൽ‌ അഗ്നിരക്ഷാസേന പരിശോധന നടത്തി. പുഷ്പ ഗ്യാസ് ഏജൻസിയുടെ ഓഫീസിലും ഗോഡൗണിലുമാണ് സ്‌റ്റേഷൻ ഓഫീസർ വാസത്ത് ചേയച്ചൻകണ്ടിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

പുഷ്പ ഗ്യാസ് ഏജൻസിയുടെ ഓഫീസിനോട് ചേർന്ന് റോഡരികിൽ നിറച്ച സിലിൻഡറുകളുമായി വാഹനങ്ങൾ നിർത്തിയിടുന്നുവെന്നായിരുന്നു പരാതി. പരിശോധനയിൽ ഗോഡൗണിന്റെ പരിധിയും കഴിഞ്ഞ് വാഹനങ്ങളിൽ നിറച്ച സിലിൻഡറുകൾ സൂക്ഷിക്കുന്നതായി കണ്ടെത്തി.

ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടതായി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം നൽകിയ ഉത്തരവിൽ അവ്യക്തതയുണ്ടെന്ന് ഗ്യാസ് ഏജൻസി അധികൃതർ പ്രതികരിച്ചു.