നാദാപുരം : ശക്തമായ കാറ്റിലും മഴയിലും നാദാപുരംമേഖലയിൽ വ്യാപകനാശം. വാണിമേൽ കാപ്പാട്ട് കിഴക്കയിൽ അലിയുടെ ഉടമസ്ഥയിലുളള കുളപ്പറമ്പിൽ അമാന ബിൽഡിങ്ങിലെ മതിലിടിഞ്ഞു. സമീപത്തെ കല്ലുള്ളപറമ്പത്ത് ഖാസിമിന്റെ വീടിന്റെ മുറ്റത്തേക്ക് കല്ലുകൾ അടർന്നുവീണു.

കല്ലാച്ചി മത്സ്യമാർക്കറ്റ് പരിസരത്തെ കടകളിൽ വെള്ളംകയറി നാശനഷ്ടമുണ്ടായി. വാണിമേൽ പുതുക്കയത്ത് മരം റോഡിലേക്കുവീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് മരംമുറിച്ചുമാറ്റി.

വിലങ്ങാട് - പാനോം പുല്ലുവാറോഡിൽ മണ്ണിടിച്ചിലുണ്ടായി. പഴശ്ശിരാജ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ മുൻകൈയിൽ മണ്ണുനീക്കി. ‌ചങ്ങരോത്ത് വിജയന്റെ വീടിനുമുകളിൽ മാവുവീണ് വരാന്ത തകർന്നു. വിഷ്ണുമംഗലം ബണ്ട് കരകവിഞ്ഞൊഴുകുന്നതിനാൽ മുകൾഭാഗത്തുള്ളവർ ആശങ്കയിലാണ്. കല്ലാച്ചി ചിറോത്ത് മുക്കിൽ മതിൽ ഇടിഞ്ഞുവീണ് വീട് അപകടാവസ്ഥയിലായി.

കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് മലയോരത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം ജാഗ്രതസമിതി രൂപവത്കരിച്ചു. മേഖലയിലെ വീടുകളെ ഏകോപിപ്പിക്കാൻ വാട്‌സാപ്പ് ഗ്രൂപ്പുകൾ സജ്ജമാക്കി. ദുരന്തസ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിന് മുന്നുലക്ഷം രൂപയുടെ ഉപകരണങ്ങൾവാങ്ങും. വിലങ്ങാട് സെയ്ന്റ് ജോർജ് സ്കൂളിൽ ചേർന്ന യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ.സി ജയൻ അധ്യക്ഷനായി. എം.കെ. മജീദ്, കെ.പി. രാജീവൻ, നിഷ കരുണാകരൻ, രാഷ്ട്രീയകക്ഷിനേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.