നാദാപുരം : സംസ്ഥാന പാതയിൽ മാർബിളും കയറ്റി വരികയായിരുന്ന ലോറിയും കാറും കൂട്ടിയിടിച്ചു. മാർബിൾ ലോറി തലകീഴായി മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന ഡ്രൈവറടക്കം രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു.

അപകടത്തെത്തുടർന്ന് കല്ലാച്ചി കക്കട്ട് റോഡിൽ ഒന്നരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

ലോറി ഡ്രൈവർ പരപ്പുപാറ ചള്ളയിൽ രാജേഷ്(43) കൂടെയുണ്ടായിരുന്ന പറപ്പുപാറ തലകെട്ടുംപറമ്പത്ത് രവീന്ദ്രൻ(45) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരമണിക്ക് കല്ലാച്ചി പയന്തോങ്ങ് ഹൈടെക്ക് ആർട്‌സ് ആൻഡ്‌ സയൻസ് കോളേജിനടുത്താണ് അപകടം.

പരപ്പുപാറയും കല്ലാച്ചിയും മാർബിൾ ഷോപ്പുകളുള്ള കെരടൻസ് മാർബിൾ ഷോപ്പിന്റെ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

നാദാപുരം സ്വദേശി ഹാരിസിന്റെ ഉമസ്ഥതയിലുള്ള കാറാണ് ഇടിച്ചത്. കാർ അതി വേഗതയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. കാറിന്റെ മുൻഭാഗത്തെ ഡോർ തകർന്ന നിലയിലാണ്. വെട്ടിക്കാനുള്ള ശ്രമത്തിനിടെ ലോഡുള്ള ലോറി റോഡിലേക്ക് ചെരിയുകയായിരുന്നു.

500 സ്ക്വയർ ഫീറ്റ് മാർബിൾ പൂർണമായും തകർന്നു. ഡീസൽ, ഓയിൽ എന്നിവ റോഡിൽ പരന്നൊഴുകി. പോലീസും ചേലക്കാട് നിന്ന്‌ ഫയർഫോഴ്‌സും സ്ഥലത്തെത്തി.