നാദാപുരം : ഏറെ വിവാദങ്ങൾക്കിടയിൽ വാണിമേൽപ്പുഴയുടെ ആദ്യഘട്ട നവീകരണപ്രവൃത്തി തുടങ്ങി. പൈങ്ങോൽഭാഗത്തെ പ്രവൃത്തിയാണ് ആരംഭിച്ചത്. എട്ടുഭാഗങ്ങളിലായാണ് പുഴ നവീകരിക്കുന്നത്. 2.96 കോടിരൂപ ചെലവഴിച്ചാണ് നവീകരണം. എട്ടുഭാഗങ്ങളിലെ നവീകരണപ്രവൃത്തിയുടെ ടെൻഡർ പൂർത്തിയായി. എട്ടുകരാറുകാരാണ് പ്രവൃത്തി ഏറ്റെടുത്തത്. കഴിഞ്ഞ പ്രളയത്തിൽ വിലങ്ങാട് ആലിമൂലയിൽ ഉരുൾപൊട്ടി നാലുപേർ മരിച്ചിരുന്നു. ഇതേത്തുടർന്ന് വാണിമേൽപ്പുഴയുടെ വിവിധഭാഗങ്ങളിൽ കല്ലും ചെളിമണ്ണും പാറക്കൂട്ടങ്ങളും അടിഞ്ഞ് ഏറെ പരിതാപകരമായ അവസ്ഥയിലായിരുന്നു.
ഇ.കെ. വിജയൻ എം.എൽ.എ.യുടെ ശ്രമഫലമായാണ് നവീകരണത്തിന് തുക അനുവദിച്ചത്. എന്നാൽ, ടെൻഡറില്ലാതെയാണ് പ്രവൃത്തി നടക്കുന്നതെന്നും മഴക്കാലത്ത് പുഴനവീകരണം നടത്തുന്നത് തടയുമെന്ന് ചില കേന്ദ്രങ്ങൾ പ്രഖ്യാപിച്ചിരുന്നു. ടെൻഡറില്ലാതെയാണ് പ്രവൃത്തി നടക്കുന്നതെന്ന വാദം ശരിയല്ലെന്നും അധികൃതർ അറിയിച്ചു. മഴ കുറഞ്ഞ സമയത്താണ് പ്രവൃത്തി നടക്കുന്നതെന്നും വ്യക്തമായ പരിശോധന ഒാരോ ഘട്ടത്തിലും നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.