നാദാപുരം : ഡൽഹിയിൽനിന്ന് തിരിച്ചുവന്ന അതിഥിതൊഴിലാളികൾ ക്വാറന്റീൻ സൗകര്യം ലഭിക്കാതെ മണിക്കൂറുകളോളം വലഞ്ഞു. വ്യാഴാഴ്ച രാവിലെ തൂണേരിയിൽ എത്തിയ അതിഥിതൊഴിലാളികളാണ് രാത്രി 9 മണിവരെ വലഞ്ഞത്. തുടർന്ന് നാദാപുരം സി.ഐ. എൻ. സുനിൽകുമാറിന്റെ ശ്രമഫലമായി തൂണേരി ടൗണിനടുത്ത് ക്വാറന്റീൻ സൗകര്യം ലഭിച്ചു. മൂന്നുപേരാണ് ഡൽഹിയിൽനിന്ന് കോഴിക്കോട്ട് എത്തിയത്. കോഴിക്കോട്ട് അതിഥിതൊഴിലാളികളെ അധികൃതർ തടഞ്ഞു. എന്നാൽ, തൂണേരിയിൽ ബാർബർ ഷോപ്പിൽ ജോലി ചെയ്യുന്നവരാണെന്നും അവിടെ ക്വാറന്റീനിൽ ചെയ്യാൻ സൗകര്യമുണ്ടെന്നും പറഞ്ഞതോടെ അവരെ വിട്ടയച്ചു. തുടർന്ന് ടൗക്സി വാഹനത്തിൽ തൂണേരിയിലെത്തുകയായിരുന്നു.

അതിഥിതൊഴിലാളികൾ എത്തുന്ന വിവരം അറിഞ്ഞതോടെ നേരത്തേ അവർ താമസിക്കുന്ന കെട്ടിടത്തിനടുത്തുള്ളവർ സോഷ്യൽ മീഡിയവഴി പ്രതിഷേധവുമായി രംഗത്തെത്തി.

ജീവിക്കാൻ മറ്റ് വഴിയൊന്നുമില്ലാത്തതിനാലാണ് കേരളത്തിലേക്ക് തിരിച്ചുവന്നതെന്ന് ഡൽഹി സ്വദേശികൾ പറഞ്ഞു. ഇവർക്ക് ക്വാറന്റീൻ സൗകര്യംതേടി ഒട്ടേറെപ്പേരെ ബന്ധപ്പെട്ടെങ്കിലും എല്ലാവരും കൈമലർത്തുകയായിരുന്നു. സോഷ്യൽ മീഡിയ വഴി നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ അവരെ തിരിച്ചയക്കാനുള്ള തീരുമാനത്തിലായിരുന്നു അധികൃതർ.

എന്നാൽ, ടാക്സിഡ്രൈവർ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടതോടെ തൂണേരിയിൽത്തന്നെ ക്വാറന്റീനിൽ പ്രവേശിപ്പിക്കാൻ നിർദേശം നൽകുകയായിരുന്നു. തുടർന്ന് വാർഡ് മെമ്പർ എം.പി. അനിതയുടെ നേതൃത്വത്തിൽ നാദാപുരം പോലീസുമായി ബന്ധപ്പെട്ടു. സി.ഐ. എൻ. സുനിൽകുമാർ നേരിട്ട് തൂണേരിയിലെത്തി ക്വാറന്റീൻ സൗകര്യമുള്ള സ്ഥലങ്ങൾ അന്വേഷിച്ച് കണ്ടെത്തി മൂന്നുപേർക്കും സൗകര്യം ഏർപ്പെടുത്തി.