നാദാപുരം : വിലങ്ങാട് മലയോരത്തെ റെയിൽവേ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഡോക്ടറടക്കം 100-ഓളംപേരെ ക്വാറൻറീനിൽ പ്രവേശിപ്പിച്ചു.

കൊക്രി സ്വദേശിയായ റെയിൽവേ ജീവനക്കാരനാണ് കഴിഞ്ഞദിവസം കർണാടകയിൽ രോഗം സ്ഥിരീകരിച്ചത്. നാട്ടിൽ ക്വാറന്റീനിൽ 14 ദിവസം പൂർത്തിയാക്കി ജോലി സ്ഥലത്തെത്തിയപ്പോഴാണ് പോസിറ്റീവായത്. ഇദ്ദേഹവുമായി അടുത്ത് ഇടപഴകിയവരും മറ്റുമായി 100 -ഓളം പേർ നിരീക്ഷണത്തിലാണ്. വാണിമേൽ, വളയം, ചെക്യാട്, നാദാപുരം ഗ്രാമപ്പഞ്ചായത്തുകളിലുള്ളവരാണ് സമ്പർക്ക പട്ടികയിലുള്ളത്.

നാദാപുരത്തെ സ്വകാര്യ ആശുപത്രി ‘ന്യൂക്ളിയസിലെ’ ഡോക്ടറടക്കം നാല് ജീവനക്കാർ ക്വാറന്റീനിൽ പ്രവേശിച്ചു. കഴിഞ്ഞമാസം 15-നും 19-നുമാണ് റെയിൽവേ ജീവനക്കാരൻ ക്ലിനിക്കിലെ നെഫ്രോളജി വിഭാഗത്തിൽ ഭാര്യാപിതാവിനൊപ്പം എത്തിയത്. ആദ്യ സന്ദർശനം 15-ന് വൈകീട്ട് 6.30-നും 7.30- നുമിടയിലായിരുന്നു. ഈ സമയത്ത് രോഗികൾ കുറവായിരുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജീവനക്കാർ മുൻകരുതൽ സ്വീകരിച്ചിരുന്നു. 19-ന് വീണ്ടും ക്ലിനിക്കിൽ ഉച്ചയ്ക്ക് 2 മണി മുതൽ 3.30 വരെ ഉണ്ടായിരുന്നു. ഈ സമയങ്ങളിൽ ക്ലിനിക്കിൽ ജോലിചെയ്തവരുടെ സ്രവമാണ് പരിശോധനയ്ക്കെടുത്തത്. ക്ലിനിക്ക് അണുവിമുക്തമാക്കി.

17 പേരുടെ സ്രവം പരിശോധനയ്ക്കയച്ചു