നാദാപുരം : മലയോരത്ത് മഴ ശക്തിപ്രാപിച്ചതോടെ വിലങ്ങാട് ചെറുകിട ജലപദ്ധതിയിൽ വൈദ്യുതിഉത്പാദനം തുടങ്ങി. 2.5 മെഗാവാട്ട് ഉത്പാദനശേഷിയുള്ള ഒരു ജനറേറ്ററിലൂടെയാണ് ഇപ്പോൾ വൈദ്യുതോത്പാദനം നടക്കുന്നത്.

വിലങ്ങാട് ചെറുകിട ജലപദ്ധതിയിൽ മൂന്ന് ജനറേറ്ററുകൾ നിലവിലുണ്ട്. പാനോത്തെയും വാളൂക്കിലെയും തടയണകളിൽ വെള്ളം ഒഴുകിയെത്തിയതോടെയാണ് വൈദ്യുതോത്‌പാദനം തുടങ്ങിയത്. വെള്ളത്തിന്റെ ലഭ്യതയ്ക്കനുസരിച്ച് ചില ദിവസങ്ങളിൽ രണ്ട് ജനറേറ്ററുകൾ ഒരേസമയം പ്രവത്തിക്കാറുണ്ട്. മലയോരത്ത് മഴ ശക്തമല്ലാത്തതിനാൽ നീരൊഴുക്ക് കുറവാണ്. കാലവർഷത്തിന് മുമ്പെതന്നെ കനാൽശുചീകരണം പൂർത്തിയാക്കി വൈദ്യുതോത്പാദനത്തിന് പദ്ധതി സജ്ജമാക്കിയിരുന്നു.

ഉരുൾപൊട്ടലിൽ തടയണകളിൽ മണ്ണുംമണലും നിറഞ്ഞ് ജലസംഭരണശേഷി കുറഞ്ഞതിനാൽ ഇത്തവണ നേരത്തേതന്നെ വൈദ്യുതോത്പാദനം നിർത്തിവെച്ചിരിക്കുകയായിരുന്നു. വിലങ്ങാട് ജലവൈദ്യുതപദ്ധതിയിൽ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി ഭൂഗർഭ കേബിൾ വഴി നാദാപുരം ചിയ്യൂർ സബ് സ്റ്റേഷനിൽ എത്തിച്ച് പൊതു ഗ്രിഡിലേക്ക് കടത്തിവിട്ടാണ് വിതരണം നടത്തുന്നത്.

കഴിഞ്ഞ ദിവസം സുരക്ഷാപരിശോധനയ്ക്കിടെ ഫോർബെയോട് ചേർന്ന പെൻസ്റ്റോക്ക് പൈപ്പിൽ പെരുമ്പാമ്പ് കുരുങ്ങിയതിനാൽ വൈദ്യുതോ ത്‌പാദനം കുറച്ചുസമയം നിർത്തിവെക്കുകയുണ്ടായി.

നാദാപുരം എ.എസ്.പി. അങ്കിത് അശോകിന്റെയും ചേലക്കാട്ടുനിന്നുള്ള ഫയർഫോഴ്‌സ് സംഘവും എത്തിയാണ് പെരുമ്പാമ്പിനെ നീക്കിയത്.