നാദാപുരം : സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ നാദാപുരം ഉപജില്ലാ ഓഫീസ് മന്ത്രി എ.കെ. ബാലൻ നാടിന് സമർപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾക്കു വിധേയമായി ലളിതമായ ചടങ്ങിലാണ് ഉദ്ഘാടനം നിർവഹിച്ചത്.

പ്രഫഷണലുകൾക്ക് സ്റ്റാർട്ടപ്പിനായി പരമാവധി 20 ലക്ഷം രൂപയും വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് 20 ലക്ഷം രൂപയും ചുരുങ്ങിയ പലിശനിരക്കിൽ വായ്പയായി നൽകും. സുഭിക്ഷകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് വ്യക്തിഗത വനിതാസംരംഭകർക്ക് അവരുടെ വീടുകളിലും പരിസരങ്ങളിലുമായി ചെറുകിടസംരംഭങ്ങൾ ആരംഭിക്കുന്നതിന് പരമാവധി രണ്ടുലക്ഷംരൂപ അഞ്ചുശതമാനം പലിശനിരക്കിൽ വായ്പ നൽകും.

‘എന്റെ വീട് ‘ഭവനനിർമാണപദ്ധതിയിൽ 16 കോടി രൂപ ഈ സാമ്പത്തികവർഷം വടകര താലൂക്കിൽ നാദാപുരം ഉപജില്ലാ ഓഫീസ് വഴി വിതരണം ചെയ്യും. കഴിഞ്ഞ സാമ്പത്തികവർഷം ജില്ലയിൽ വിവിധപദ്ധതികളിലായി 49 കോടിരൂപ വിതരണംചെയ്തതായും മന്ത്രി അറിയിച്ചു.

ഇ.കെ. വിജയൻ എം.എൽ.എ. അധ്യക്ഷനായി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. ബാലകൃഷ്ണൻ, നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സഫീറ, കെ.എസ്.ബി.സി.ഡി.സി ചെയർമാൻ ടി.കെ. സുരേഷ്, കെ.എസ്‌.ബി.സി.ഡി.സി മാനേജിങ്‌ ഡയറക്ടർ കെ.ടി. ബാലഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു.