നാദാപുരം : ഗ്രാമപ്പഞ്ചായത്തിൽ ഡെങ്കിപ്പനിക്കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.

വിഷ്ണുമംഗലം, പയന്തോങ്ങ് , കുമ്മംങ്കോട് എന്നീ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി ഫോഗിങ്, വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുകൊണ്ട് ഉറവിടനശീകരണ ബോധവത്‌കരണം, കൊതുകിന്റെ സാന്ദ്രതാപഠനം എന്നിവ നടത്തി.

പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ നടത്തിയ പരിശോധനയ്ക്കും ബോധവത്‌കരണത്തിനും ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ. പ്രേമൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രീജിത്ത്, കെ.കെ. കുഞ്ഞിമുഹമ്മദ്, സി. പ്രസാദ്, ജമീ, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സുമാർ എന്നിവർ നേതൃത്വം നൽകി. ആരോഗ്യപ്രവർത്തകർ, ആശാ വർക്കർമാർ എന്നിവരും പങ്കാളികളായി.

വരുംദിവസങ്ങളിൽ പരിശോധന ശക്തിപ്പെടുത്തുമെന്നും വീടുകളിലും സ്ഥാപനങ്ങളിലും കൊതുക് പെരുകുന്ന സാഹചര്യം ഉണ്ടായാൽ നടപടികൾ എടുക്കുമെന്നും അരോഗ്യവകുപ്പ് അറിയിച്ചു.