കോഴിക്കോട് : കണ്‍ടെയ്ന്‍മെന്റ് സോണിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് കോവിഡ് വ്യാപനം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ജില്ലാ ഭരണകൂടത്തോട് നിര്‍ദേശിച്ചു. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ 21 ദിവസത്തേക്ക് യാതൊരുവിധ ഇളവും അനുവദിക്കരുത്. ടി.പി.ആര്‍. നിരക്ക് ഉയര്‍ന്നുനില്‍ക്കുന്നത് ആശങ്കാജനകമാണ്. കേരളം ഇപ്പോള്‍ രോഗവ്യാപനഭീതി കൂടുതലുള്ള സ്ഥിതിയിലാണെന്നും സംഘം വിലയിരുത്തി.

പരിശോധന കൂട്ടാനും ചികിത്സാ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാനും കോവിഡ്പ്രതിരോധ നടപടികളില്‍ യാതൊരുവിധ രാഷ്ട്രീയതാത്പര്യങ്ങളും കടന്നുകൂടാതിരിക്കാനും ശ്രദ്ധിക്കണമെന്ന് കേന്ദ്രസംഘം നിര്‍ദേശം നല്‍കി. വാക്‌സിനേഷന്‍ ത്വരപ്പെടുത്തണം, അപാകങ്ങള്‍ പരിഹരിക്കണം.

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയോഗിച്ച സംഘാംഗങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡിയുമായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് ചികിത്സാ സംവിധാനങ്ങളും സംഘം പഠനവിധേയമാക്കി.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഡി.എം. സെല്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. പി. രവീന്ദ്രന്‍, കോഴിക്കോട് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ. രഘു എന്നിവരുള്‍പ്പെട്ട സംഘമാണ് കോഴിക്കോട്ടെത്തിയത്.