മുക്കം: കൊയിലാണ്ടി - എടവണ്ണ സംസ്ഥാനപാതയിലെ രണ്ട് പാലങ്ങൾ തകർച്ച ഭീഷണിയിൽ. അൻപത് വർഷത്തോളം പഴക്കമുള്ള മുക്കം പാലവും അരീക്കോട് പാലവുമാണ് അപകടഭീഷണി നേരിടുന്നത്.

സംസ്ഥാന പാതയിൽ, ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെ മുക്കം നഗരസഭയെയും കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന മുക്കം പാലത്തിന്റെ കൈവരികളും അപ്രോച്ച് റോഡിന്റെ അരികും തകർന്നനിലയിലാണ്. തുടർച്ചയായി രണ്ട് വർഷങ്ങളിലുണ്ടായ പ്രളയമാണ് അപ്രോച്ച് റോഡിന്റെ അരിക് തകരാൻ കാരണം. പാലത്തിന്റെ പല ഭാഗങ്ങളിലും കോൺക്രീറ്റ് അടർന്ന് വീണ് കമ്പികൾ പുറത്തുകാണുന്ന നിലയിലാണ്.

വാഹനങ്ങൾപോവുമ്പോൾ വലിയരീതിയിലുള്ള കുലുക്കം അനുഭവപ്പെടാറുണ്ടെന്നും കാൽനടയാത്രക്കാർ പറയുന്നു. പാലത്തിന് വീതി കുറവായതിനാൽ നടപ്പാതയും നിർമിച്ചിരുന്നില്ല. മലയോരമേഖലയിലെ വിവിധ ക്വാറി -ക്രഷർ യൂണിറ്റുകളിൽനിന്നായി വലുതും ചെറുതുമായ നൂറ്ു കണക്കിന് ടിപ്പർ ലോറികളാണ് ഇതുവഴി കടന്നു പോകുന്നത്. ഐ.എച്ച്.ആർ.ഡി. കോളേജ് ഉൾപ്പെടെ, മലയോരമേഖലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കായി നിരവധി വിദ്യാർഥികളാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്. പൊതുമരാമത്ത് വകുപ്പിലെ വിദഗ്ധർ പാലം പരിശോധിച്ച് വേണ്ടനടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.

അരീക്കോട് പാലത്തിന്റെ അവസ്ഥയും ഇതു തന്നെയാണ്. ഊർങ്ങാട്ടിരി - അരീക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ പാലം കഴിഞ്ഞ മാസമുണ്ടായ പ്രളയത്തിലാണ് അപകടാവസ്ഥയിലായത്. ഇതോടെ ഇതുവഴി ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. പാലത്തിന്റെ അരീക്കോട് ഭാഗത്തെ അപ്രോച്ച് റോഡിന്റെ കരിങ്കൽഭിത്തി തകർന്നനിലയിലാണ്.

പലയിടങ്ങളിലും ടാറിങ് ഇളകിപ്പോയ അവസ്ഥയിലാണ്. സംസ്ഥാന പാതയിലെ രണ്ട് പാലങ്ങൾ അപകടാവസ്ഥയിലായതോടെ യാത്രക്കാർ ഏറെ ഭീതിയിലാണ്.

സംസ്ഥാനപാതയിലെ മുക്കം പാലം പുതുക്കിപ്പണിയേണ്ടത് അത്യാവശ്യമാണ്. ഇതുസംബന്ധിച്ച് ജോർജ് എം. തോമസ് എം.എൽ.എ. യുമായി ചർച്ച നടത്തിയിട്ടുണ്ട്. എത്രയും വേഗം അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

വി.കെ വിനോദ്

കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്