മുക്കം: വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളെയും വായനയുടെ പുതുലോകത്തേക്കുയർത്താൻ വ്യത്യസ്ത പദ്ധതികളുമായി ഒരു സർക്കാർ വിദ്യാലയം. മുക്കം നഗരസഭയിലെ മണാശ്ശേരി ജി.യു.പി. സ്കൂളാണ് ഗ്രാമത്തിനാകെ വായനയുടെ വസന്തമൊരുക്കി രണ്ട് പദ്ധതികൾക്ക് തുടക്കമിട്ടത്.

നേരമായി നമുക്ക് വായിക്കാം, പുസ്തകക്കൂട്- ഓരോ വീടും ഒരു വായനശാല എന്നീ പേരുകളിലാണ് രണ്ടുപദ്ധതികൾ ആരംഭിച്ചിരിക്കുന്നത്. നേരമായി നമുക്ക് വായിക്കാം പദ്ധതിയിലൂടെ എല്ലാ ദിവസവും വൈകുന്നേരം 7.30 മുതൽ 8.30 വരെയുള്ള ഒരു മണിക്കൂർ മണാശ്ശേരിയിലുള്ള എല്ലാ വീടുകളും ഇനി വായനയിലേക്ക് മടങ്ങും. ഈ സമയത്ത് വായനമാത്രമാണ് ഇവിടെ നടക്കുക.

വിദ്യാർഥികൾക്കിടയിൽ പാഠപുസ്തകത്തിനപ്പുറത്തേക്കുള്ള വായന പ്രോത്സാഹിപ്പിക്കുക, വിദ്യാർഥികളുടെയും സ്കൂളിന്റെ പരിസരത്തുള്ളവരുടെയും കുടുംബത്തെ മുഴുവൻ വായനയിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

പുസ്തകക്കൂട്-ഓരോ വീടും ഒരു വായനശാല എന്ന രണ്ടാമത്തെ പദ്ധതിയിലൂടെ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളും ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വാങ്ങാൻ പണം കണ്ടെത്തും. ഇതിനായി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പണം സ്വരൂപിക്കാനുള്ള സമ്പാദ്യപ്പെട്ടി സ്കൂളിൽനിന്നുതന്നെ നൽകിയിട്ടുണ്ട്. സ്വരൂപിക്കുന്ന പണം ഉപയോഗിച്ച് ഡിസംബറിൽ സ്കൂളിൽ നടക്കുന്ന പുസ്തകമേളയിൽനിന്ന് കുട്ടികൾ ഇഷ്ടമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കാം. സ്കൂളിലെ 800 വിദ്യാർഥികളുടെയും വീടുകൾ ഈ പദ്ധതിയിൽ ഉൾപ്പെടും.

ഇത്തരത്തിൽ ഓരോ വീട്ടിലും ഒരു ചെറിയ വായനശാല സ്ഥാപിക്കുന്നതിലൂടെ കുടുംബത്തെ മുഴുവൻ വായനയുടെ ലോകത്തേക്ക് എത്തിക്കാൻ കഴിയുമെന്നാണ് അധ്യാപകരുടെ പ്രതീക്ഷ. സാധാരണ ജനങ്ങളിൽനിന്ന് വായന അകന്നുപോവുകയും യുവജനങ്ങളുടെ വായന കേവലം സാമൂഹികമാധ്യമങ്ങളിൽ ഒതുങ്ങിപ്പോവുകയുംചെയ്ത സാഹചര്യത്തിലാണ് ഈ വിദ്യാലയം പദ്ധതിക്ക് തുടക്കംകുറിച്ചതെന്ന് അധ്യാപകർ പറയുന്നു. നാട്ടിലെ ഗ്രന്ഥശാലകളുടെ പിന്തുണയും ഇവർക്കുണ്ട്.

മണാശ്ശേരി സ്കൂളിൽനടന്ന ചടങ്ങിൽ ജോർജ് എം. തോമസ് എം.എൽ.എ. പദ്ധതി ഉദ്ഘാടനംചെയ്തു. പി.ടി.എ. ഭാരവാഹികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.