മുക്കം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മണാശ്ശേരി കെ.എം.സി.ടി. ആയുർവേദ കോളേജിൽ എസ്.എഫ്.ഐ. യുടെ നേതൃത്വത്തിൽ നടത്തിവന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും സമരം ഒത്തുതീർന്നു.

എം.എൽ.എ. യുടെ അധ്യക്ഷതയിൽ നടത്തിയ ചർച്ച വിജയിച്ച പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിക്കാൻ വിദ്യാർഥികളും അധ്യാപകരും തീരുമാനിച്ചത്.

അകാരണമായി പുറത്താക്കിയ അധ്യാപകരെ തിരിച്ചെടുക്കാമെന്നും അഞ്ചാം വർഷ വിദ്യാർഥികളുടെ മുടങ്ങിയ പരീക്ഷകൾ എത്രയും വേഗം നടത്താമെന്നും ചൊവ്വാഴ്ച മുതൽ ക്ലാസുകൾ പുനരാരംഭിക്കുമെന്നും മാനേജ്മെന്റ് പ്രതിനിധികൾ ഉറപ്പ് നൽകി.

അധ്യാപകരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സി.ഇ.ഒ. യുമായി ചർച്ചനടത്തി ഓഗസ്റ്റ് മാസത്തിനകം അറിയിക്കാമെന്നും മാനേജ്മെന്റ് പ്രതിനിധികൾ ഉറപ്പുനൽകി. അകാരണമായി പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 19 മുതൽ കോളേജിലെ അധ്യാപകർ സമരത്തിലായിരുന്നു. അധ്യാപകരുടെ സമരത്തെ തുടർന്ന് പരീക്ഷകളും ക്ലാസുകളും മുടങ്ങിയതോടെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിദ്യാർഥികൾ സമരം ആരംഭിച്ചത്.

തുടർന്ന് വിദ്യാർഥികളുടെ സമരം എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി ഏറ്റെടുക്കുകയായിരുന്നു. എം.എൽ.എ. ഓഫീസിൽ നടന്ന ചർച്ചയിൽ നഗരസഭാ ചെയർമാൻ വി. കുഞ്ഞൻ കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വിനോദ്, എസ്.എഫ്.ഐ. ജില്ലാസെക്രട്ടറി ടി. അതുൽ, പ്രസിഡന്റ് സിദ്ധാർത്ഥ് എന്നിവരും അധ്യാപകരും രക്ഷിതാക്കളും മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്തു.

സമരത്തിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എസ്.എഫ്.ഐ. പ്രവർത്തകർ മണാശ്ശേരിയിൽ പ്രകടനം നടത്തി.