മുക്കം

: കൊച്ചുവീടിന്റെ ഉമ്മറത്തോട് ചേർന്ന മുറിയിൽ ആരോടും ഒന്നുംപറയാതെ, ഒന്നനങ്ങാനാവാതെ ഓക്സിജൻ സിലിൻഡറിന്റെ സഹായത്തോടെ കഴിയുന്ന ഒരു ജീവിതം-അതാണ് ചാത്തമംഗലം പഞ്ചായത്തിലെ മലയമ്മ നീരട്ടിപ്പാറ തങ്കവേലു.

ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് പത്ത് വർഷത്തിലേറെയായി തങ്കവേലു കിടപ്പിലാണ്. ശരീരത്തിന്റെ ഒരുഭാഗം തളർന്നതോടെ, ഒന്നെഴുന്നേൽക്കണമെങ്കിൽ പരസഹായം വേണം. ഒരു ഭാഗം തളർന്നുപോയപ്പോൾ ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.

വൈകാതെ രണ്ടാമത്തെ കണ്ണിന്റെയും കാഴ്ച നഷ്ടമായി. തുടർന്ന് നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹകരണത്തോടെ കണ്ണിന് ശസ്ത്രക്രിയ നടത്തി. മരുന്നിനും ചികിത്സയ്ക്കുമായി ഓരോ മാസവും പതിനായിരത്തിലധികം രൂപ വേണം. വീടുവെക്കാൻ മകന്റെപേരിൽ വാങ്ങിയ പത്ത് സെന്റ് സ്ഥലംവിറ്റാണ് ആദ്യമൊക്കെ ചികിത്സ നടത്തിയത്.

ഹോട്ടൽ ജീവനക്കാരനായിരുന്ന മകന്, ലോക്ക് ഡൗണിനെ തുടർന്ന് ഹോട്ടൽ അടച്ചതോടെ ജോലി നഷ്ടപ്പെട്ടു. നാട്ടിലെ ബേക്കറിയിൽ പാക്കിങ് ജോലിക്ക് പോയിരുന്ന ഭാര്യ രമ, തങ്കവേലു കിടപ്പിലായതോടെ ജോലി നിർത്തി. ഇതോടെ, കുടുംബത്തിന്റെ വരുമാനം പൂർണമായും നിലച്ചു. കരിങ്കൽ ക്വാറിയിൽ കംപ്രസർ ഓപ്പറേറ്ററായിരുന്നു തങ്കവേലു ഇപ്പോൾ മെഡിക്കൽ കോളേജിലെ സൂരജ് ഡോക്ടറുടെ ചികിത്സയിലാണ്.

ഒരു സന്നദ്ധസംഘടന രണ്ടുവർഷം മുൻപ് നൽകിയ ഓക്സിജൻ സിലിൻഡറിന്റെ സഹായത്തോടെയാണ് തങ്കവേലു ഇപ്പോൾ ശ്വസിക്കുന്നത്. രണ്ടുവർഷം കഴിഞ്ഞതോടെ ഈ സംഘടന ഓക്സിജൻ സിലിൻഡർ തിരികെ ചോദിച്ചതായി കുടുംബം പറയുന്നു.

രണ്ടു മുറികളുള്ള കൊച്ചുകൂരയിലാണ് കുടുംബം കഴിയുന്നത്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ തങ്കവേലുവിനെ എടുത്ത് മുറ്റത്തുള്ള വാതിൽ പോലുമില്ലാത്ത ശൗചാലയത്തിൽ കൊണ്ടുപോകണം.

സുമനസ്സുകളുടെ സഹായത്തോടെയാണ് ഈ കുടുംബത്തിന്റെ ഓരോദിവസവും കടന്നുപോകുന്നത്. ശ്വസിക്കാൻ ആധുനിക സൗകര്യങ്ങളുള്ള ഓക്സിജൻ സിലിൻഡറിനായി കാത്തിരിക്കുകയാണ് കുടുംബം. തങ്ക വേലുവിനെ സഹായിക്കാം. എക്കൗണ്ട് നമ്പർ: 33193187742. lFSC: SBIN0002207. ഫോൺ: 9947046328.